കാറിൽ യാത്രചെയ്യുന്ന എല്ലാവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് തീരുമാനം. പിൻസീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ആവശ്യമാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
ഇന്നത്തെ കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ തുടർച്ചയായി അലാം അടിക്കും. പലരും ഇത് ഒഴിവാക്കാൻ സീറ്റ് ബെൽറ്റ് ക്ലിപ്പിനുള്ളിൽ ഒരു ചെറിയ ഉപകരണം തിരുകി വെക്കാറുണ്ട്. ഇത്തരം ഉപകരണങ്ങൾ രാജ്യത്ത് നിരോധിക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. നിയമത്തിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
54 കാരനായ സൈറസ് മിസ്ത്രിയുടെ ജീവനെടുത്തത് പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്രയെന്നാണ് തെളിഞ്ഞിട്ടുള്ളത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട് മുംബൈ അഹമ്മദാബാദ് ഹൈവേയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുമ്പോൾ കാറിന്റെ വേഗത 130 കിലോമീറ്ററിൽ കൂടുതലായിരുന്നു. ഇവിടെ വാഹനങ്ങളുടെ അനുവദനീയമായ പരമാവധി വേഗത 80 കിലോമീറ്റർ മാത്രമാണ്.
ശക്തമായ ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു തെറിച്ച സൈറസ് മിസ്ത്രിയുടെ നെഞ്ചും തലയും മുൻസീറ്റിൽ ഇടിച്ചു. ഈ ആഘാതമാണ് മരണകാരണമായത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനാഹിത പണ്ഡോളെയാണു കാർ ഓടിച്ചിരുന്നത്. അവരും മുൻ സീറ്റിൽ ഇരുന്ന ഭർത്താവ് ഡാരിയസ് പണ്ഡോളയും സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ ദിൻഷാ പണ്ഡോളെയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.