കന്യകാത്വ പരിശോധന: വിവാഹ ദിനത്തിൽ യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത

0
141

രാജസ്ഥാനിലെ ജയ്പൂരിൽ വിവാഹ ദിനത്തിൽ യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത. വധുവായ 24 കാരിയെ ഭർതൃവീട്ടുകാർ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതായി പരാതി. വരൻറെ മാതാപിതാക്കളാണ് യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ മെയ് മാസം 11ന് ആണ് സംഭവം നടന്നത്. എന്നാൽ മാനസികമായി തളർന്നതിനാൽ പരാതി നൽകാനായില്ലെന്നും യുവതി പറയുന്നു.

ഭിൽവാരയിൽ വെച്ചാണ് യുവതിയുടെ വിവാഹം നടന്നത്. അന്നു തന്നെ യുവതി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കപ്പെടുകയായിരുന്നു. പരിശോധനയിൽ യുവതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വീട്ടുകാർ തന്നെ ഒഴിവാക്കിയെന്നും പഞ്ചായത്ത് ചേർന്ന് തന്നോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടെന്നും യുവതി പരാതിയിൽ പറയുന്നു. കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടു എന്നാരോപിച്ച് ഭർത്താവും കുടുംബവും തന്നെ അപമാനിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

വിവാഹം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് കന്യകാത്വ പരിശോധന നടത്തിയത്. അതിന് ശേഷം രാത്രിയോളം അവർ അതിനെക്കുറിച്ച് ചർച്ച നടത്തി. ഭയം കാരണം എനിക്കൊന്നും പറയാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് താൻ പരിശോധനയിൽ പരാചയപ്പെട്ടെന്ന് ആരോപിച്ച് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും മർദ്ദിച്ചത്”- യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിന് പിന്നാലെ മേയ് 31ന് പ്രാദേശിക ക്ഷേത്രത്തിൽ വെച്ച് ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരം ‘ഖാപ് പഞ്ചായത്ത് ചേർന്നു. പഞ്ചായത്തിൽ തന്നെ അപമാനിച്ചെന്നും കുടുംബത്തോട് 10 ലക്ഷം രൂപ വരൻറെ കുടുംബത്തിന് നൽകാൻ ഉത്തരവിട്ടെന്നും യുവതി പൊലീസിന് മൊഴി നൽകി.

വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇത് നേരത്തെ ഭർതൃവീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും യുവതിയെ ഈ പേരിൽ പീഡിപ്പിക്കുകയായിരുന്നുവെന്നും ബാഗോർ എസ്.എച്ച്.ഒ. അയ്യൂബ് ഖാൻ വ്യക്തമാക്കി. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് സുഭാഷ് നഗർ പൊലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.