ചൈനയിൽ ശക്തമായ ഭൂചലനം; 46 പേർ മരിച്ചു

0
92

ചൈനയിൽ ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 46 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ലുഡിംഗ് കൗണ്ടിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.

സംഭവത്തിൽ ഇന്ത്യ അനുശേചനം അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്. ‘സെപ്തംബർ 5 ന് സിചുവാനിലുണ്ടായ ഭൂചലനത്തിൽ നിരവധി ജീവനുകൾ നഷ്ടമായതിൽ അനുശോചിക്കുന്നു, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു’.ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12:25 നാണ് ഭൂചലനമുണ്ടായത്. 46 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഭൂചലനത്തിൽ വെള്ളം, വൈദ്യുതി, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. അപകടങ്ങൾ കുറച്ച് ജീവൻ രക്ഷിക്കുക എന്നത് പ്രാഥമിക കർത്തവ്യമായി ഏറ്റെടുക്കണമെന്നും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ് ഉത്തരവിട്ടിട്ടുണ്ട്.