ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

0
93

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ലിസ് ട്രസ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. ബോറിസ് ജോൺസന്റെ പിൻഗാമിയായാണ് ലിസ് ട്രസ് അധികാരമേൽക്കുക. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനാക്കിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്. ലിസിന് 81,326 വോട്ടുകളും ഋഷി സുനകിന് 60,399 വോട്ടുകളും ലഭിച്ചു.

‘കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കുന്നതിന് എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കും. വികസന സാധ്യതകളെ കണ്ടെത്തി നടപ്പിലാക്കും’- ലിസ് ട്രസിന്റെ ആദ്യ പ്രതികരണം ഇങ്ങനെ.

മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിലായിരുന്നു ജയം. കടുത്ത പോരാട്ടമാണ് ഋഷി സുനക് കാഴ്ച വച്ചതെന്ന് ലിസ് വ്യക്തമാക്കി.

രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ കൺസർവേറ്റീവ് പാർട്ടി എം.പി.മാരുടെ പിന്തുണ മുൻ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാൽ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു.

ആദ്യ റൗണ്ട് വോട്ടിങ്ങിൽ 358 എം.പി.മാരിൽ 88 വോട്ടുകൾ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ എത്തിയപ്പോൾ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടിയിരുന്നു.