തിരുവനന്തപുരത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

0
142

തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസത്തിൽ വാടകയ്ക്കു താമസിക്കുന്ന വിജയമ്മയെ (80) ആണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. സംഭവത്തിൽ മകനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

റിട്ട. നഴ്സിംഗ് സൂപ്രണ്ടായിരുന്നു വിജയമ്മ. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിക്കുള്ളിൽ കട്ടിലിനടിയിലായിട്ടാണ് വിജയമ്മയുടെ മൃതദേഹം കിടന്നിരുന്നത്. വിജയമ്മയുടെ ശരീരത്തിലും, മുഖത്തും പരിക്കുകളുണ്ട്.

മൃതദേഹത്തിന് രണ്ട് ദിവത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഫോറൻസിക്കും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റു മാർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു.