സമുദ്രനിരപ്പ് കൂടുന്നു; ഭീഷണിയായി സോംബി ഐസ്

0
153

സമുദ്രനിരപ്പ് അനിയന്ത്രിതമായി ഉയരുന്നത് നമ്മുടെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കും. ഒരു നിശ്ചിത പരിധിയ്ക്കപ്പുറം സമുദ്രനിരപ്പ് ഉയർന്നാൽ കടലിനോട് ചേർന്ന അനേകം പ്രദേശങ്ങൾ വെള്ളത്തിനടിയിലാവും. നമ്മുടെ കൊച്ചി അടക്കമുള്ള അനേകം പ്രദേശങ്ങൾ നേരിടുന്ന വമ്പൻ ഭീഷണിയാണ് അത്.

ആ ഭീഷണി കളിയല്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഗ്രീൻലാന്റിൽനിന്നുള്ള പുതിയ പഠനങ്ങൾ. ആഗോള സമുദ്രനിരപ്പ് 10 മുതൽ 30 ഇഞ്ച് വരെ ഉയർത്താൻ കാരണമാവുന്ന തരത്തിൽ ഗ്രീൻലാന്റിലെ മഞ്ഞു പാളികൾ വലിയ തോതിൽ ഉരുകുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സോംബി മഞ്ഞ് (Zombie ice )എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസമാണ് ജിയോളജിക്കൽ സർവേ ഓഫ് ഡെന്മാർക്ക് ആന്റ് ഗ്രീൻലാന്റിലെ ശാസ്ത്രജ്ഞർ പുതിയ അപകടമായി കണക്കാക്കുന്നത്. ഈ മഞ്ഞുപാളി വലിയതോതിൽ ഉരുകി ഒലിക്കുന്നതായാണ് ഇവർ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ഇതിലൂടെ ആഗോള സമുദ്രനിരപ്പ് ഏറ്റവും കുറഞ്ഞത് 10 ഇഞ്ച് എങ്കിലും ഉയരും എന്നാണ് ഗവേഷകർ പറയുന്നത്.

കഴിഞ്ഞദിവസമാണ് പഠനറിപ്പോർട്ട് പുറത്തുവന്നത. സോംബി ഐസ് ഉരുകുന്നതിലൂടെ വലിയ അളവിൽ ജലം കടലിടുക്കുകളിലേക്ക് എത്തിച്ചേരുകയാണെന്നും ഇത് ആഗോള സമുദ്രനിരപ്പ് 10 മുതൽ 30 ഇഞ്ച് (78 സെന്റീമീറ്റർ) വരെ ഉയർത്തുമെന്നാണ് പഠന റിപ്പോർട്ടിൽ ഉള്ളത്.

പർവ്വതങ്ങളിൽ വീഴുന്ന മഞ്ഞിന് രണ്ടു തരത്തിലുള്ള രൂപാന്തരീകരണമാണ് സംഭവിക്കുന്നത്. ഇവ മാതൃ ഹിമാനികളിൽ തന്നെ നികത്തപ്പെടുകയും മാതൃ ഹിമാനികളിൽ നിന്ന് ഉരുകിയൊലിച്ച് കടൽ ഇടുക്കളിലേക്ക് എത്തിപ്പെടുകയും ചെയ്യും. സന്തുലിതാവസ്ഥയിലാണ് ഈ പ്രക്രിയ സംഭവിക്കുന്നതെങ്കിൽ പ്രത്യേകിച്ച് ദോഷങ്ങൾ ഒന്നും സംഭവിക്കുന്നില്ല. എന്നാൽ നിലവിലെ കാലാവസ്ഥ വ്യതിയാനം ഈ സന്തുലിതാവസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്. ഇപ്പോൾ വലിയ അളവിലാണ് മാതൃ ഹിമാനികളിൽ നിന്നും ഐസ് ഉരുകി ഇറങ്ങുന്നത്.

നികത്തപ്പെടാതെ മാതൃ ഹിമാനികളിൽ നിന്നും ഉരുകി ഒലിക്കുന്ന ഐസ് ആണ് സോംബി ഐസ് എന്നറിയപ്പെടുന്നത്. നാശം സംഭവിച്ച ഹിമമായാണ് സോംബി ഐസിനെ പൊതുവിൽ കണക്കാക്കുന്നത്. ഇത് മഞ്ഞുപാളിയിൽ നിന്ന് ഉരുകി അപ്രത്യക്ഷമാവുകയും സമുദ്രത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇതാണ് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നത്. ചത്ത മഞ്ഞായാണ് സോംബി ഐസിനെ ഗവേഷകർ വിശേഷിപ്പിക്കുന്നത്.

ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ഉരുകുന്നതിൽ നിന്ന് ശാസ്ത്രജ്ഞർ മുമ്പ് പ്രതീക്ഷിച്ചിരുന്നതിന്റെ ഇരട്ടിയിലധികം സമുദ്രനിരപ്പ് ഉയരുന്നതായാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ . കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച ഇന്റർഗവൺമെന്റൽ പാനൽ റിപ്പോർട്ട് പ്രകാരം ഗ്രീൻലാൻഡിൽ നിന്നുള്ള മഞ്ഞുരുകൽ കാരണം 2100-ഓടെ സമുദ്രനിരപ്പ് രണ്ടു മുതൽ അഞ്ച് ഇഞ്ച് വരെ (6 മുതൽ 13 സെന്റീമീറ്റർ വരെ) ഉയരാനിടയാവും എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ പുതിയ പഠനം റിപ്പോർട്ട് പ്രകാരം ഇത് 30 ഇഞ്ചുവരെ ഉയരും എന്നാണ് പറയുന്നത്.

സമുദ്രനിരപ്പ് ഇത്തരത്തിൽ ഉയരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. വേലിയേറ്റങ്ങളും കടൽ കരയിലേക്ക് കയറുന്നതും കര കടലെടുക്കുന്നതും പതിവാകും. ഒരേ സമയം സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ ആണ് സംഭവിക്കാൻ പോകുന്നതെന്നാണ് കണക്കാക്കുന്നത്. സോംബി മഞ്ഞ് ഉരുകാൻ എത്ര സമയമെടുക്കുമെന്ന് പഠനം നടത്തിയ ഗവേഷകർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അല്ലെങ്കിൽ കുറഞ്ഞത് 2150 ആകുമ്പോഴേക്കും ഇത് തീർച്ചയായും സംഭവിക്കും എന്ന് തന്നെയാണ് പഠനം വ്യക്തമാക്കുന്നത്.