കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും – മന്ത്രി ആന്റണി രാജു

0
64

കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെ.എസ്.ആർ.ടി.സി ചാത്തമംഗലം പഞ്ചായത്തിൽ ആരംഭിച്ച ‘ഗ്രാമവണ്ടി’യുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ഗ്രാമവണ്ടികൾ വരും നാളുകളിൽ കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ ഓടുമെന്നും മന്ത്രി പറഞ്ഞു.


ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കാൻ പഞ്ചായത്തുകൾ തയ്യാറാണെങ്കിൽ ബസ്സ്, ഡ്രൈവർ, കണ്ടക്ടർ തുടങ്ങിയ സൗകര്യങ്ങൾ കെ.എസ്. ആർ. ടി. സി നൽകും. രണ്ടാംഘട്ടത്തിൽ ചെറിയ ബസ്സുകളാണ് നിരത്തിലിറക്കുക. നഷ്ടത്തിലായ വാഹന ഉടമകളുമായി സഹകരിച്ച് ചെറിയ സ്വകാര്യബസ്സുകൾ ഒരുവർഷത്തേക്ക് ഗ്രാമവണ്ടികളായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും. സമൂഹത്തിനാകെ ഉപകാരപ്പെടുന്ന രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പി.ടി.എ റഹീം എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലയിൽ ആദ്യമായാണ് ഗ്രാമവണ്ടി പദ്ധതി ആരംഭിക്കുന്നത്. ബസ്സിന്റെ യാത്രാക്രമം നിർണ്ണയിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് രാവിലെ 7.10 ന് പുറപ്പെടുന്ന വണ്ടി വൈകിട്ട് 6.35 ന് തിരികെയെത്തും. ബസ്സിന്റെ ഡീസൽ ചെലവ് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച് അവർ നിശ്ചയിക്കുന്ന റൂട്ടുകളിലൂടെയും സമയക്രമം അനുസരിച്ചും സർവീസ് നടത്തുന്നതാണ് ഗ്രാമവണ്ടി. ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പദ്ധതി സഹായകരമാവും.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ്മുക്ക്, സുധ കമ്പളത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതസ് ഹമീദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ എം.കെ, ജില്ലാ ട്രാൻസ്പോർട് ഓഫീസർ കെ. യൂസഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ സ്വാഗതവും സ്‌പെഷ്യൽ പ്രോജക്ട്‌സ് ഡി.ടി.ഒ താജുദ്ദീൻ നന്ദിയും പറഞ്ഞു.