ഗുലാം നബി ആസാദിൻറെ സൽപേര് കളങ്കപ്പെടുത്താൻ ജേണലിസ്റ്റുകൾക്ക് കോൺഗ്രസ് പണം നൽകുന്നു: പല്ലവി ഘോഷ്

0
56

കോൺഗ്രസിൽ നിന്നും രാജിവെച്ച്‌ പുറത്തുപോയ ഗുലാം നബി ആസാദിൻറെ സൽപേര് കളങ്കപ്പെടുത്തുന്ന രീതിയിൽ എഴുതാൻ ജേണലിസ്റ്റുകൾക്ക് കോൺഗ്രസ് പണം നൽകുന്നതായി മുതിർന്ന ജേണലിസ്റ്റ് പല്ലവി ഘോഷ് . നല്ല പണം നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനമെന്നും പല്ലവി ഘോഷ് പറയുന്നു. സിഎൻഎൻന്യൂസ് 18ലെ സീനിയർ എഡിറ്റർ കൂടിയാണ് പല്ലവി ഘോഷ്.

ഹല്ലാ ബോൽ റാലിക്ക് മുന്നോടിയായി കോൺഗ്രസ് രാഷ്ട്രീയം സ്ഥിരമായി എഴുതുന്ന ഏതാനും ജേണലിസ്റ്റുകളോട് ട്വീറ്റിലൂടെ ഗുലാം നബി ആസാദിനെ ശരിപ്പെടുത്താൻ വിവരം ലഭിച്ചെന്നും ഇതിന് നല്ല തുക നൽകുമെന്നും സൂചന ലഭിച്ചെന്നും ട്വീറ്റുകൾ കാത്തിരിക്കാമെന്നും പല്ലവി ഘോഷ് ട്വീറ്റ് ചെയ്തു.

കോൺഗ്രസ് വിട്ട ശേഷം കോൺഗ്രസ് അനൂകൂല ജേണലിസ്റ്റുകൾ തുടർച്ചയായി മാധ്യമങ്ങളിൽ ആസാദിനെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. വരും നാളുകളിൽ അതിനിയും വർധിക്കുമെന്നാണ് പല്ലവി ഘോഷ് നൽകുന്ന സൂചന. 50 വർഷക്കാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ആഗസ്ത് 26ന് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്.

ഏറ്റവുമൊടുവിൽ ജമ്മുകശ്മീർ യൂണിറ്റിലെ രണ്ട് കമ്മിറ്റികളിൽ തരംതാഴ്ത്തിയതോടെയാണ് ഗുലാം നബി ആസാദ് പാർട്ടി വിടാൻ തീരുമാനിച്ചത്. കോൺഗ്രസ് വിട്ട് പുറത്തുവന്നതിന് ശേഷം രാഹുൽഗാന്ധിയാണ് കോൺഗ്രസ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്ന് ഗുലാം നബി ആസാദ് തുറന്നടിച്ചിരുന്നു. രാഹുൽഗാന്ധിയുടെ തെറ്റുകൾക്ക് നേരെ ഏതൊരമ്മയേയും പോലെ സോണിയയും കണ്ണടയ്ക്കുകയാണെന്നും ഗുലാം നബി ആരോപിച്ചിരുന്നു. ഇതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.