സിഗരറ്റ് വലിച്ചത് കണ്ടെന്ന പേരിൽ സീനിയർ കുട്ടികൾ ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചെന്ന് പരാതി

0
85

ഓണാഘോഷത്തിനിടെ സ്കൂളിലെ മുതിർന്ന പെൺകുട്ടികൾ സിഗരറ്റ് വലിച്ചത് കണ്ടെന്ന പേരിൽ ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചെന്ന് പരാതി. കൊല്ലം നഗരത്തിലെ ഗേൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികൾക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്.

കൊല്ലത്തെ പ്രധാന ഗേൾസ് സ്കൂളിലെ ശുചിമുറിയിൽ ആറുപെൺകുട്ടികൾ ചേർന്നാണ് ഒരു സിഗരറ്റ് കൈമാറ്റം ചെയ്ത് വലിച്ചത്. പുകവലി നേരിട്ട് കണ്ട ആറാം ക്ലാസുകാരിയോട് ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്.

ജില്ലാ ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച പരാതിയിൽ അന്വേഷണഭാഗമായി കുട്ടികൾക്ക് കൗൺസിലിങ് നൽകി. സ്കൂളിൽ വച്ച് പരാതിക്കടിസ്ഥാനമായ സംഭവം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.