രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ അഭ്യാസപ്രകടനം; വണ്ടികൾ എംവിഡി പൊക്കി

0
56

ഓണാഘോഷത്തിന്റെ പേരിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയതിനെ തുടർന്ന് വഹാനങ്ങൾ കസ്റ്റഡിയിലെടുത്ത് എംവിഡി. മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്നാണ് അഭ്യാസ പ്രകടനം തടഞ്ഞ് കോളേജ് വിദ്യാർഥികളുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ 10-ന് തൊടുപുഴ ന്യൂമാൻ കോളേജിന്റെ മുൻപിലെ റോഡിൽനിന്നാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. കാറും ജീപ്പും രൂപമാറ്റംവരുത്തിയിരുന്നു. വാഹന ഉടമകൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ എത്തരുതെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുമെന്നും വകുപ്പ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഓണാഘോഷം നടക്കുന്ന വ്യാഴം, വെള്ളി ദിവസങ്ങളിളാണ് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇത്തരം സാഹചര്യത്തിൽ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദ് ചെയ്യുമെന്നും സൂചനകളുണ്ട്. ഇതിനുപുറമെ, വാഹനമോടിക്കുന്ന വിദ്യാർഥികളുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിരുന്നു.

വാഹനം ഉപയോഗിച്ചുള്ള ആഘോഷം തടയുന്നതിനായി ക്യാംപസ് മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിരുന്നു. ഇത്തരം ആഘോഷങ്ങൾക്ക് വാഹനം നൽകുന്നത് ഒഴിവാക്കണമെന്നും, ഇത്തരം അഭ്യാസങ്ങൾ ശ്രദ്ധയിൽപെട്ടാൽ പ്രകടനങ്ങളുടെ വീഡിയോ ഉൾപ്പെടെ അതാത് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാരെ വിവരം അറിയിക്കണമെന്നും എം.വി.ഡി. സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.