ഐഎൻഎസ് വിക്രാന്തിന്റെ നിർമിതി കേരളത്തിലാണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് മന്ത്രി പി രാജീവ്

0
63

ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമിച്ചത് കേരളത്തിലാണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിക്രാന്ത് ഇന്ത്യയുടെ വ്യവസായോൽപ്പാദനത്തിലെ ചരിത്ര സന്ദർഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിൻ ഷിപ്പിയാർഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിർമിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമാണത്തിൽ നേരിട്ട് പങ്കാളികളായത്. അതിൽ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കോൺട്രാക്ട് തൊഴിലാളികളുമുണ്ട്’. സ്ഥിരം തൊഴിലാളികൾക്ക് സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഉൾപ്പെടെയുള്ള യൂണിയനുകളുണ്ട്.

കോൺട്രാക്ട് തൊഴിലാളികൾ സിഐടിയു യൂണിയനിലാണ്. എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഒരു സെക്കൻഡ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ നിതാന്ത ജാഗ്രത പുലർത്തി. മാനേജ്മെന്റും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു.

ഇതുകൂടാതെ നൂറോളം എംഎസ്എം ഇ യൂണിറ്റുകൾ നിർമാണത്തിൽ കൈകോർത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുത്തു. നമ്മുടെ സമ്പദ്ഘടനയെ ഇത് ചലിപ്പിച്ചുവെന്നും പി രാജീവ് പറഞ്ഞു.ചില ഒറ്റപ്പെട്ട തെറ്റായ പ്രവണതകൾ തൊഴിൽ അന്തരീക്ഷത്തിൽ കേരളത്തിൽ കണ്ടെന്നു വരാം. അവയെ ശക്തമായി വിമർശിക്കാം. നാടിന്റെ പൊതുതാൽപര്യം മുൻനിർത്തി അവ തിരുത്താൻ ശക്തമായി ഇടപ്പെടണം.എന്നാൽ, അതോടൊപ്പം ഇതുകൂടി നാട് അറിയണം. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിന്റെ നിർമാണം വ്യക്തമാക്കുന്നു. നമുക്ക് അത് ഒരേ ശബ്ദത്തോടെ, ഒരേ മനസോടെ ലോകത്തോട് വിളിച്ചു പറയാം- പി രാജീവ് പറഞ്ഞു.