ജനവാസ മേഖലയിറങ്ങുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെത്തി

0
71

പാലപ്പിള്ളിയിലെ ജനവാസ മേഖലയിറങ്ങുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകളെയാണ് പാലപ്പിള്ളിയിലെത്തിച്ചത്. വിശദമായ പ്ലാൻ തയാറാക്കിയ ശേഷം നാളെ മുതൽ ആനകളെ കാടു കയറ്റാനുള്ള ദൗത്യം കുങ്കിയാനകൾ ആരംഭിക്കും.

പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ആന പാപ്പാന്മാരുൾപ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകൾക്കൊപ്പമുള്ളത്. നാട്ടുകാരുടെയും വനംവകുപ്പ് ജീവനക്കാരുടെയും യോഗം ചേർന്ന് വിശദമായ പ്ലാൻ തയാറാക്കും.

കാട്ടാനക്കൂട്ടത്തിൻറെ സാന്നിധ്യമുള്ള മേഖലകളിൽ കുങ്കിയാനകളെ നിയോഗിക്കാനാണ് നീക്കം. നാളെ മുതലാകും കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാന കൂട്ടത്തെ തുരത്തുന്നതിനുള്ള ശ്രമമാരംഭിക്കുക. ഒരുമാസത്തോളം കുങ്കിയാനകൾ പാലപ്പിള്ളിയിലുണ്ടാവും. ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്തി എന്ന് ഉറപ്പു വരുത്തിയ ശേഷമാകും മടക്കം.

കഴിഞ്ഞ ആഴ്ച പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടർ 89 ഭാഗത്ത് എത്തിയത്. പുലർച്ചെ ആറരയോടെ റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് തോട്ടത്തിൽ നിന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരുമെത്തി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തിൽ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. മുന്നത്തെ രണ്ടു ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാന കൂട്ടമിറങ്ങിയിരുന്നു. തോട്ടത്തിൽ കാട്ടാനകളിറങ്ങുന്നത് തുടർച്ചയായതോടെ ആശങ്കയിലാണ് തൊഴിലാളികൾ.