പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാർത്ഥം; കേസ്സ് എടുക്കില്ല: മന്ത്രി എ കെ ശശീന്ദ്രൻ

0
19

ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാർത്ഥമാണെന്നും സംഭവത്തിൽ വനംവകുപ്പ് കേസെടുക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ. ആത്മരക്ഷാർത്ഥമായതിനാൽ വിഷയത്തിൽ കേസെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. കേസെടുക്കേണ്ടെന്ന് വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനാണ് (45) ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി പുലിയ കൊന്നത്. ശനിയാഴ്‌ച‌‌ പുലർച്ചെ കൃഷി സ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന ഗോപാലന്റെ പുറത്തേക്ക് പതുങ്ങിയിരുന്ന പുലി ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും പുലി ഗോപാലന്റെ ഇടതു കൈപ്പത്തിയിൽ കടിച്ചു. ഇതിനിടെ സ്വയരക്ഷയ്‌ക്കായി ഗോപാലൻ നടത്തിയ ചെറുത്തുനിൽപ്പിനിടയിലാണ് പുലി ചത്തത്.

പുലിയുടെ ആക്രമണത്തിൽ ഇടതു കൈപ്പത്തിക്ക് ​ഗുരുതരമായി പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് നാട്ടുകാർ ചേർന്നാണ് ഗോപാലനെ ആശുപത്രിയിലെത്തിച്ചത്. പുലിയുടെ ജഡം വനംവകുപ്പ് പരിശോധനയ്‌ക്കായി കൊണ്ടുപോയി.