ഹരിതമിത്രം ഗാർബേജ് ആപ്പ്; സംസ്ഥാനത്ത് ആദ്യം സർവേ പൂർത്തിയാക്കി എരഞ്ഞോളി ഗ്രാമപഞ്ചായത്ത്

0
53

അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സർവേ സംസ്ഥാനത്ത് ആദ്യം പൂർത്തിയാക്കിയത് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിക്കൽ പൂർത്തിയായി. 7259 വീടുകളും 891 സ്ഥാപനങ്ങളും ഉൾപ്പടെ 8150 ഇടങ്ങളിലാണ് സർവേ നടത്തിയത്. ഒരു ഗ്രൂപ്പിൽ അഞ്ചുപേർ വീതം ക്ലസ്റ്ററുകളായി തിരിച്ചാണ് സർവേ പൂർത്തിയാക്കിയത്. ഹരിതകർമ സേനയുടെ നേതൃത്വത്തിലായിരുന്നു സർവേ. ഇനി പഞ്ചായത്തിലെ വീടുകളിലും കടകളിലും ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യൂ ആർ കോഡ് വെച്ച് അപ്‌ഡേറ്റ് ചെയ്യാനാകും.

സംസ്ഥാനത്ത് മികച്ച രീതിയിൽ മാലിന്യശേഖരണം നടത്തുന്ന പഞ്ചായത്താണ് എരഞ്ഞോളി. സർവേയുടെ ജില്ലാതല ഉദ്ഘാടനവും ഇവിടെയായിരുന്നു. മൂന്നാഴ്ച കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. ആപ്പ് നിലവിൽ വരുന്നതോടെ പൊതുജനങ്ങൾക്ക് പ്രത്യേക സേവനങ്ങൾ അഭ്യർഥിക്കാം. പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും ആപ്പിലൂടെ കഴിയും. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻകേരള കമ്പനി, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ എന്നിവർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും.

പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ആപ്പ് ഓഫ്‌ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിതമിത്രം ആപ്പിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ 33 തദ്ദേശസ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. മറ്റിടങ്ങളിൽ സർവേ പുരോഗമിക്കുകയാണ്.