25 വർഷത്തെ ഇടവേളയ്ക്കു ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക്

0
94

25 വർഷത്തെ ഇടവേളയ്ക്കു ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായി ഒരേസമയം നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിൻറെ തമിഴ് ടൈറ്റിൽ രണ്ടകം എന്നാണ്. അരവിന്ദ് സ്വാമിക്കൊപ്പം കുഞ്ചാക്കോ ബോബനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൻ വിജയം നേടിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചൻറേതായി പുറത്തെത്തുന്ന ചിത്രം കൂടിയാണ് ഇത്. തിരുവോണ നാളായ സെപ്റ്റംബർ 8 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാർ പുറത്തുവിട്ടു.

ഓരോ നഗരവും എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. എ എച്ച് കാഷിഫ് സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കർ ആണ്. സെപ്റ്റംബർ 2 ന് തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം റിലീസ് എട്ടിലേക്ക് നീട്ടുകയായിരുന്നു. തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് തീയതി മാറ്റുന്നതെന്ന് അണിയറക്കാർ അറിയിച്ചിരുന്നു.

ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മേക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പിആർഒ ആതിര ദിൽജിത്ത്.