കെജിഎഫിലെ റോക്കിഭായി പ്രചോദനമായി; അഞ്ച് ദിവസം കൊണ്ട് അഞ്ച് പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ

0
31

പ്രശസ്തനാകാൻ അഞ്ച് ദിവസം കൊണ്ട് അഞ്ച് പേരെ കൊലപ്പെടുത്തിയ ശിവപ്രസാദ് ധ്രുവെ (19) എന്നയാളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സാഗറിലും ഭോപാലിലുമായാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. സാഗർ ജില്ലയിൽ നാല്‌ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പൊലീസ് അറസ്റ്റു ചെയ്തത്. പുലർച്ചെ മൂന്നരയക്ക് പിടികൂടുന്നതിന്‌ തൊട്ടുമുൻപും ഇയാൾ ഒരു കൊലപാതകം നടത്തിയതായാണ് റിപ്പോർട്ട്. ഉറങ്ങിക്കിടക്കുന്ന സുരക്ഷാ ജീവനക്കാരെ ചുറ്റികയോ കല്ലോ കൊണ്ട് തല തകർത്താണ് കൊലപ്പെടുത്തിയത്.

ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അമ്പത് വയസുള്ള കല്യാൺ ലോധി, ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ അറപതുവയസുകാരൻ ശംഭു നാരായൺ ദുബെ, ഒരു വീടിൻറെ കാവൽ ജോലി ചെയ്തിരുന്ന മംഗൾ അഹിർവാർ എന്നിവരെയാണ് പ്രതി കൊല്ലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ഇയാളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. സാഗറിൽ കൊലപ്പെടുത്തിയ ആളിൽനിന്ന് ശിവപ്രസാദ് മോഷ്ടിച്ചിരുന്നു. ഈ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ കൊറേഗാവിൽ ഹോട്ടൽ ജോലിക്കാരനായി ജോലി ചെയ്തിരുന്നപ്പോൾ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാൾ.

കെജിഎഫ് സിനിമയിലെ റോക്കിഭായിയാണ് പ്രചോദനമെന്നും സമ്പത്തുണ്ടാക്കി ഗ്യാങ്‌സ്റ്ററായി പേരെടുക്കാനാണ്‌ കൊല നടത്തിയതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. പൊലീസുകാരെ കൊല്ലാനും ലക്ഷ്യമിട്ടതായി ഇയാൾ പറഞ്ഞു. എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ് ഗോവയിലാണു ജോലി ചെയ്തിരുന്നത്.