തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ സംഘപരിവാർ ബോംബ്‌ സ്‌ഫോടനങ്ങൾ നടത്തി: മുൻ ആർഎസ്‌എസ്‌ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

0
95

തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ സംഘപരിവാർ രാജ്യവ്യാപകമായി ബോംബ്‌ സ്‌ഫോടനങ്ങൾ നടത്തിയതായി കോടതിയിൽ മുൻ ആർഎസ്‌എസ്‌ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. മഹാരാഷ്ട്ര സ്വദേശി യശ്വന്ത്‌ ഷിൻഡെയാണ്‌ ഗുരുതര വെളിപ്പെടുത്തലുമായി നാന്ദേഡ്‌ കോടതിയെ സമീപിച്ചത്‌. നാന്ദേഡിൽ 2006ൽബോംബുനിർമാണത്തിനിടെ രണ്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടതിന് സാക്ഷിയാണെന്നും കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഷിൻഡെ പറഞ്ഞു.

മുതിർന്ന ആർഎസ്‌എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറാണ്‌ ബോംബ്‌ നിർമാണത്തിന്റെയും സ്‌ഫോടനങ്ങളുടെയും ആസൂത്രകനെന്നും ഷിൻഡെ വെളിപ്പെടുത്തി. ആർഎസ്‌എസിന്റെ ബോംബ്‌ നിർമാണരീതിയും ആസൂത്രണം ചെയ്‌ത സ്‌ഫോടനങ്ങളും വിശദമാക്കുന്ന ഷിൻഡെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉശിരുള്ള ചില ചെറുപ്പക്കാരെ എത്തിച്ചുനൽകണമെന്ന്‌ 1999ൽ ഇന്ദ്രേഷ്‌ കുമാർ ആവശ്യപ്പെട്ടെന്ന് ഷിൻഡെ കോടതിയിൽ പറഞ്ഞു.

നാന്ദേഡിൽ ബോംബുനിർമാണത്തിനിടെ കൊല്ലപ്പെട്ട ഹിമാൻശു പാൻസെയും താനും അടക്കം എട്ടുപേർ ജമ്മുവിൽ ആയുധ പരിശീലനത്തിന് പോയി. സൈനികരാണ്‌ പരിശീലനം നൽകിയത്‌. പുണെയ്‌ക്കടുത്തായിരുന്നു ബോംബുനിർമാണ പരിശീലനം. 2004 തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്‌തത്‌.

നാന്ദേഡിൽ രണ്ട്‌ ആർഎസ്‌എസുകാർ കൊല്ലപ്പെട്ടതിന്‌ ഉത്തരവാദികൾ നിലവിൽ വിഎച്ച്‌പി ജനറൽ സെക്രട്ടറിയായ മിലിന്ദ്‌ പരാൻഡെ, രാകേഷ്‌ ധവാഡെ, രവി ദേവ്‌ എന്നിവരാണ്‌. ഇവരാണ്‌ ബോംബ്‌ നിർമാണത്തിന്റെ ആസൂത്രകർ. ഇവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണം. ബോംബ്‌ നിർമാണത്തോടും സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതിനോടും താൻ എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു.അതുകൊണ്ടുമാത്രം നൂറുകണക്കിന്‌ സ്‌ഫോടനങ്ങൾ ഒഴിവായെന്നും ഷിൻഡെ വിശദമാക്കി. ആർഎസ്എസ്, വിഎച്ച്പി, ബംജ്റംഗദൾ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു യശ്വന്ത്‌ ഷിൻഡെ. 1994ൽ ആർഎസ്‌എസ്‌ വിസ്‌താരക്‌ ആയും 1996ൽ പ്രചാരക്‌ ആയും പ്രവർത്തിച്ചു. 1999ൽ ബംജ്റംഗദളിന്റെ ഭാഗമായി.