യാത്രാ പ്രേമികൾക്ക് കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം; ചതുരംഗപ്പാറയിലേക്ക് പുതിയ പാക്കേജ്

0
53

ജംഗിൾ സഫാരിക്ക് പുറമെ യാത്രാ പ്രേമികൾക്ക് കോതമംഗലം കെ.എസ്.ആർ.ടിസിയുടെ മറ്റൊരു സമ്മാനംകൂടി. ഓണത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിന് തുടക്കമിടുകയാണ്. ചതുരംഗപ്പാറയിലേക്കാണ് പുതിയ പാക്കേജ് ആരംഭിക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് ഒരു കെ.എസ്.ആർ.ടി.സി യൂണിറ്റ് ട്രിപ്പ് നടത്തുന്നത്. സെപ്റ്റംബർ മൂന്നിന് രാവിലെ എട്ടിനാണ് ആദ്യ ട്രിപ്പ് പുറപ്പെടുക.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയ്ക്ക് സമീപം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മനോഹരമായ സ്ഥലമാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരത്തിലാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. ഇടവിടാതെ വീശുന്ന കാറ്റാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആ കാറ്റിന്റെ കുളിർമയിൽ ഉച്ച വെയിൽ പോലും ആലോസരമായി തോന്നില്ല.

മലമുകളിലെ കാറ്റാടിപ്പാടം സഞ്ചാരികൾക്ക് വേറിട്ട അനുഭൂതി സമ്മാനിക്കും. വ്യൂ പോയിന്റിൽ നിന്നാൽ അടിവാരത്ത് തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും ബോഡിനായ്ക്കന്നൂർ, തേവാരം ,കൊച്ചു തേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാൻകുത്തി മേട് തുടങ്ങിയ സ്ഥലങ്ങളുടെ നയനമനോഹരമായ വിദൂരദൃശ്യവും ആസ്വദിക്കാം. ചതുരംഗപ്പാറയുടെ അടുത്ത് വരെ ബസ് എത്തുമെന്നതിനാൽ പ്രായഭേദമെന്യേ ഏവർക്കും യാത്ര തിരഞ്ഞെടുക്കാം.

കോതമംഗലത്ത് നിന്നും എ. എം റോഡ് വഴി മൂന്നാറിൽ എത്തി, അവിടെ നിന്നും ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ ഡാമും, മനോഹരമായ വ്യൂപോയിന്റുകളും കണ്ടാസ്വദിച്ച് പൂപ്പാറ വഴി ചതുരംഗപാറയിൽ എത്തിച്ചേരും. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം രാജകുമാരി, രാജാക്കാട്, പൊൻമുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി , ലോവർ പെരിയാർ, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.