യുവതലമുറ കരുതുന്നത് ഭാര്യ എന്നാൽ ‘വേറി ഇൻവിറ്റഡ് ഫോർ എവർ(WIFE)’: ഹൈക്കോടതി

0
101

ഇന്നത്തെ സമൂഹത്തിൽ വിവാഹത്തെക്കുറിച്ചും അതിന്റെ പവിത്രതയെക്കുറിച്ചും കേരള ഹൈക്കോടതി അടുത്തിടെ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. യൂസ് ആൻഡ് ത്രോ സംസ്കാരം ദാമ്പത്യ ബന്ധത്തെ ബാധിച്ചിട്ടുണ്ടെന്നും യുവതലമുറ വിവാഹത്തെ ദുഷിച്ചതായിട്ടാണ് കാണുന്നതെന്നും ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ബാധ്യതകൾ ഇല്ലാതെ സ്വതന്ത്ര ജീവിതം ആസ്വദിക്കാനാണ് യുവതലമുറ വിവാഹം ഒഴിവാക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. ‘വൈസ് ഇൻവെസ്റ്റ്‌മെന്റ് ഫോർ എവർ’ എന്ന പഴയ സങ്കൽപ്പത്തിന് പകരമായി ‘ഭാര്യ’ എന്ന വാക്കിനെ അവർ ‘വേറി ഇൻവിറ്റഡ് ഫോർ എവർ’ എന്ന് വിപുലീകരിക്കും. “ഉപഭോക്തൃ സംസ്‌ക്കാരമായ യൂസ് ആൻഡ് ത്രോ’ നമ്മുടെ വൈവാഹിക ബന്ധങ്ങളെയും സ്വാധീനിച്ചതായി തോന്നുന്നു. ലിവ്-ഇൻ ബന്ധങ്ങളിൽ വലിയ വർധനവും കാണുന്നു” ബെഞ്ച് സൂചിപ്പിച്ചു.

“ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന കേരളം ഒരു കാലത്ത് കുടുംബ ബന്ധങ്ങൾക്ക് പേരുകേട്ടതായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രവണത, ദുർബലമോ സ്വാർത്ഥമോ ആയ കാരണങ്ങളാൽ വിവാഹബന്ധം തകർക്കുന്നതായി എന്നു തോന്നുന്നു, അവരുടെ മക്കളെ പോലും ശ്രദ്ധിക്കാതെയായി. തകർന്നു തരിപ്പണമായ കുടുംബങ്ങളിൽ നിന്നുമുയരുന്ന നിലവിളികൾ സമൂഹത്തിന്റെ മനഃസാക്ഷിയെ ഒന്നടങ്കം ഇളക്കിമറിക്കാൻ ബാധ്യസ്ഥമാണ്. കലഹിക്കുന്ന, ദമ്പതികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും, നിരാശരായ വിവാഹമോചിതരും, നമ്മുടെ ജനസംഖ്യയുടെ ഭൂരിഭാഗവും കീഴടക്കുമ്പോൾ, അത് നമ്മുടെ സമൂഹത്തിന്റെ ശാന്തതയെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. ജീവിതത്തിനും നമ്മുടെ സമൂഹത്തിനും വളർച്ച മുരടിക്കും,” ബെഞ്ച് നിരീക്ഷിച്ചു.