ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന് കൂടുതൽ ഫലപ്രദമായി സേവനങ്ങൾ നൽകാൻ സാധിക്കും: മന്ത്രി എം.വി ഗോവിന്ദൻ

0
95

അഞ്ച് വകുപ്പുകൾ ചേർത്ത് ഒന്നാക്കിയ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന് കൂടുതൽ ഫലപ്രദമായും വേഗത്തിലും ജനങ്ങൾക്ക് സേവനം നൽകാൻ സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ലോഗോ ഏറ്റുവാങ്ങി.

വർഷങ്ങളായി ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിനായി പ്രവർത്തിക്കുന്നു. ഉറച്ച നിലപാടോടെ ഉദ്യോഗസ്ഥവൃന്ദം ഇതിനായി രംഗത്തിറങ്ങിയപ്പോൾ സംഗതി യാഥാർഥ്യമായി. ഇത് സുപ്രധാനമായ കാൽവെപ്പാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനവും കൈവരിക്കാനാകാത്ത നേട്ടമാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വളരെയധികം പ്രാധാന്യമുള്ള വകുപ്പാണ് തദ്ദേശ സ്വയംഭരണമെന്ന് മന്ത്രി ഗോവിന്ദൻ ഓർമിപ്പിച്ചു. ജനം എന്ത് കാര്യത്തിനും ആദ്യം ബന്ധപ്പെടുന്നത് വകുപ്പിലെ ഉദ്യോഗസ്ഥരെയാണ്. കേരളത്തിൽ ഏത് തരത്തിലുള്ള പ്രവർത്തനം നടത്തണമെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണം കൂടിയേ കഴിയൂ.

ആത്മാർഥമായി പ്രവർത്തിക്കുന്ന ഭൂരിഭാഗം വരുന്ന ഉദ്യോഗസ്ഥരാണ് വകുപ്പിന്റെ കരുത്ത്.

കഴിഞ്ഞ ഒന്നേകാൽ വർഷം വകുപ്പ് മന്ത്രിയെന്ന നിലയിൽ തനിക്ക് ബോധ്യപ്പെട്ടത് ജനസേവനം എങ്ങിനെ ഫലപ്രദമായി നടപ്പാക്കണമെന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരുമാണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോൺ, പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ലൈഫ് മിഷൻ സി.ഇ.ഒ പി.ബി നൂഹ്, തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ബി. അബ്ദുൾ നാസർ, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും കുടുംബശ്രീയുടേയും ഉപഹാരങ്ങൾ മന്ത്രി എം.വി ഗോവിന്ദൻ ഏറ്റുവാങ്ങി.