ചൈനയുടെ ഡ്രോണ്‍ വെടിവെച്ചിട്ട് തായ്വാന്‍

0
117

ചൈനയുടെ ഡ്രോൺ വെടിവെച്ചിട്ട് തായ്വാൻ. നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന പ്രസ്താവനയ്‌ക്ക് പിറകേയാണ് തായ്വാന്റെ നടപടി.

തായ്വാന്റെ അധീനതയിലുള്ള ഷിയൂ ദ്വീപ് പരിസരത്ത് പ്രത്യക്ഷപ്പെട്ട ഡ്രോണാണ് വെടിവെച്ചിട്ടത്. അതിരാവിലെയാണ് ഡ്രോൺ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഡ്രോൺ പറത്തിയതിന്റെ ലക്ഷ്യമെന്താണെന്ന് പരിശോധിച്ചുവരികയാണെന്ന് തായ്വാൻ പ്രതിരോധ വകുപ്പ് അറിയിച്ചു.

തായ്വാന്റെ ജിൻമെൻ ഡിഫൻസ് കമാന്റാണ് ഡ്രോൺ വെടിവിച്ചിട്ടത്. സാധാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രോണാണ് വ്യോമാതിർത്തി ലംഘിച്ചത്. ഡ്രോൺ പൂർണ്ണമായും തകർന്നു കടലിൽ പതിച്ചതായാണ് വിവരം. തായ്വാന്റെ അതിർത്തി മേഖലയാണ് ഷിയൂ ദ്വീപ്. വിദേശശക്തികളുടെ ഒരുവിധത്തിലുള്ള ഇടപെടലും അനുവദി ക്കില്ലെന്ന് തായ്വൻ വ്യക്തമാക്കി.

ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ഡ്രോണാണ് തായ്വാന്റെ അതിർത്തി കടന്നു പറന്നത്. രണ്ടു ഡ്രോണുകൾക്ക് നേരേയും തായ്വാൻ വെടിവെച്ചിരുന്നു. മുൻപ് കിൻമെൻ ദ്വീപിന് മുകളിലാണ് ഡ്രോൺ പറന്നത്. ഒരു മാസത്തിനിടെ പത്തിലേറെ ഡ്രോണുകൾ തായ്വാൻ അതിർത്തിയിലേയ്‌ക്ക് ചൈന നിരീക്ഷണത്തിനായി അയച്ചതിനാൽ തായ്വാൻ സൈന്യം ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്.