Monday
12 January 2026
31.8 C
Kerala
HomeIndiaകര്‍ണാടകയില്‍ പോക്‌സോ കേസില്‍ പ്രതിയായ ലിംഗായത്ത് മഠാധിപതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കര്‍ണാടകയില്‍ പോക്‌സോ കേസില്‍ പ്രതിയായ ലിംഗായത്ത് മഠാധിപതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കര്‍ണാടകയില്‍ പോക്‌സോ കേസില്‍ പ്രതിയായ ലിംഗായത്ത് മഠാധിപതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് മഠാധിപതി ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യാന്തര വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങി എല്ലാ ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റുകളിലും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. മഠാധിപതി രാജ്യം വിടുന്നത് ഏത് വിധേനയും തടയാനാണ് പൊലീസിന്റെ നീക്കം. ചിത്രദുര്‍ഗയിലെ ഒരു പ്രമുഖ ലിംഗായത്ത് മഠത്തിന്റെ മുഖ്യ മഠാധിപതിയാണ് ശിവമൂര്‍ത്തി മുരുഘ ശരണാരു.

മഠം നടത്തുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ നല്‍കിയ പരാതിയില്‍ മഠാധിപതിക്കെതിരെ കേസെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് മൈസൂരു സിറ്റി പോലീസിന്റെ നടപടി. പിന്നാലെ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ മഠം നടത്തുന്ന സ്‌കൂള്‍ ഹോസ്റ്റലിലെ ചീഫ് വാര്‍ഡനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

15ഉം 16ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ മൂന്നര വര്‍ഷത്തിലേറെയായി മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ജൂലൈ 24 ന് ഹോസ്റ്റല്‍ വിട്ടിറങ്ങിയ കുട്ടികളെ ജൂലൈ 25 ന് കണ്ടെത്തി. പിന്നാലെ ആഗസ്റ്റ് 26 ന് മൈസൂരിലെ നസര്‍ബാദ് പോലീസ് സ്റ്റേഷനില്‍ മഠാധിപതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പരാതി തനിക്കെതിരെയുള്ള ദീര്‍ഘകാല ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രതിയുടെ വാദം.

മഠത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മുന്‍ എം.എല്‍.എയുമായ എസ്.കെ. ബസവരാജനാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് മുരുകമഠം ഉപദേശക സമിതി അംഗം എന്‍.ബി.വിശ്വനാഥ് നേരത്തെ ആരോപിച്ചിരുന്നു. ലിംഗായത്ത് മഠത്തിലെ ഒരു ജീവനക്കാരിയെന്ന് പറയപ്പെടുന്ന സ്ത്രീയുടെ പരാതിയില്‍ ബസവരാജനെതിരെ ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments