പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള വീക്ഷണം സൃഷ്ടിക്കണം: പത്തനംതിട്ട ജില്ലാ കളക്ടർ

0
145

പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ച് കുടുംബങ്ങളിൽ വീക്ഷണം സൃഷ്ടിക്കാൻ സാധിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. പോഷൺ അഭിയാൻ പോഷൺ മാ 2022 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട കാപ്പിൽ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. കൃത്യനിർവഹണത്തിന്റെ ഭാഗമായി ചെയ്യാതെ, സമൂഹത്തിന്റെ ഭാവി നിർണയിക്കുന്ന ഇടപെടലുകളാണ് പോഷണ രംഗത്തു നടത്തേണ്ടത്. ഇത് സംബന്ധിച്ച് അടിസ്ഥാനതലങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രവർത്തനങ്ങളെകുറിച്ച് ശരിയായ അവബോധം കുടുംബങ്ങളിൽ കൊണ്ടുവരാൻ സാധിക്കണം. ഭക്ഷ്യധാന്യങ്ങളുടെ അളവുകളെക്കുറിച്ചും പാകം ചെയ്യുന്നതിനെക്കുറിച്ചുമുള്ള അവബോധം സമൂഹത്തിൽ എല്ലാ വിഭാഗത്തിലും ലഭ്യമാക്കണം. ഇതിനായി മനസിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള സന്ദേശങ്ങളും പ്രവർത്തനവും നടത്താൻ സാധിക്കണമെന്നും കളക്ടർ പറഞ്ഞു.

രാജ്യത്തെ ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുകയാണ് പോഷൺ അഭിയാൻ പദ്ധതിയുടെ ലക്ഷ്യം. അങ്കണവാടികൾ വഴി മേന്മയുള്ള പോഷണത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും പോഷണ നിലവാരമുള്ള ഭക്ഷണം കഴിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പോഷൺ മാ നടപ്പാക്കുന്നത്. ജില്ലയിലെ 1389 അംഗനവാടികൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പത്തനംതിട്ട നഗരസഭ കൗൺസിലർ സിന്ധു അനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ഇൻ ചാർജ് എസ്. റാണി വിഷയാവതരണവും ഐസിഡിഎസ് ഇലന്തൂർ സൂപ്പർവൈസർ ഗ്ലാഡിസ് പ്രസന്റേഷനും നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.എസ്. തസ്നീം, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ റ്റി.എസ്. വിനോദ് കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. രചന ചിദംബരം, കുടുംബശ്രീ മിഷൻ പ്രോഗ്രാം മാനേജർ പി.ആർ. അനുപ, ജില്ലാ ലേബർ ഓഫീസ് പ്രതിനിധി സി.കെ. അനിൽകുമാർ, ജില്ലാതല ഐസിഡിഎസ് സീനിയർ സൂപ്രണ്ട് പി.എൻ. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.