കിടക്കയ്ക്ക് അകത്ത് ഗർഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം

0
105

ഉത്തർപ്രദേശിൽ ഗർഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത് നിന്ന് കണ്ടെത്തി. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജറായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

മീററ്റിലെ ഹസ്തിനാപുരി മേഖലയിലാണ് സംഭവം. ഇരുവരെയും കഴുത്തുഞെരിച്ച്‌ കൊന്നശേഷം കിടക്കയിൽ മൃതദേഹം ഒളിപ്പിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഭർത്താവ് വാതിലിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. വാതിൽ പൊളിച്ചാണ് പൊലീസ് അകത്തു പ്രവേശിച്ചത്.

വീട്ടിലെ സാധനസാമഗ്രികൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്‌സിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈ കെട്ടിയിട്ട നിലയിലായിരുന്നു. വായിൽ തുണി തിരുകിയിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച്‌ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.