പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി

0
165

പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്മെന്റിലും അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.  ഒഴിവുകൾ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം.

വിശദ പരിശോധനകൾക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ഹയർസെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്മെന്റ് പൂർത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവർ മറ്റ് ക്വാട്ടകളിലേക്ക് മാറിയതിനെ തുടർന്നുള്ള ഒഴിവുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാകും.

ഒഴിവുകളും മറ്റ് വിവരങ്ങളും നാളെ രാവിലെ 9 മണിക്ക് പ്രവേശത്തിനുള്ള വെബ്സൈറ്റായ https://hscap.kerala.gov.inൽ പ്രസിദ്ധീകരിക്കും. അതേസമയം നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ആദ്യഘട്ടത്തിൽ പ്രവേശനം ലഭിച്ച ശേഷം ഏതെങ്കിലും കാരണവശാൽ ഹാജരാകാൻ കഴിയാതിരുന്നവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ ആകില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതിനെ തുടർന്ന് പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക് ഈ ഘട്ടത്തിൽ വീണ്ടും അവസരം ഉണ്ടാകും.

പിഴവുകൾ തിരുത്തി ഇത്തരക്കാർ വീണ്ടും അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റിന് വിദ്യാർത്ഥികളെ സഹായിക്കാനും നിർദേശങ്ങൾ നൽകാനും സ്കൂ‌ൾ ഹെൽപ് ഡസ്കുകൾ ഉണ്ടാകും. ഹെൽപ് ഡസ്കുകൾ സജ്ജമാക്കാൻ സ്കൂ‌ൾ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.