തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് നാളെ(01 സെപ്റ്റംബർ) തുടക്കം

0
63

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ(01 സെപ്റ്റംബർ) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണു പരിപാടി.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനോപകാരപ്രദവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മാർഗനിർദേശങ്ങൾക്കുള്ളിൽനിന്നു വ്യത്യസ്ഥമായ പദ്ധതികൾ നടപ്പാക്കുക എന്ന ഉദ്ദേശ്യത്തിലാണ് മിഷൻ 941, മികവ് പദ്ധതികൾ നടപ്പാക്കുന്നതെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് വാർത്താ സമ്മേളത്തിൽ പറഞ്ഞു. കാർഷിക മേഖലയ്ക്കു പ്രത്യേക പരിഗണന നൽകിയാണു മിഷൻ 941 നടപ്പാക്കുന്നത്. നിർത്തട വികസന മാതകയിൽ മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, അതുവഴി കാർഷികോത്പാദനം വർധിപ്പിക്കുക, കാർഷിക മേഖലയ്ക്കുള്ള വിപണന സൗകര്യം ഒരുക്കുക, ഗ്രാമീണ മേഖലയിലെ കായിക ഉണർവിനായി കളിസ്ഥലങ്ങൾ നിർമിക്കുക തുടങ്ങിയവയാണു പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ. ഒരു പഞ്ചായത്തിൽ ഒരു വിപണന കേന്ദ്രം എന്ന ലക്ഷ്യത്തിൽ ഗ്രാമീണ ചന്തകൾ(നാട്ടു ചന്ത), ഒരു ഗ്രാമ പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന ലക്ഷ്യത്തോടെ 941 കളിസ്ഥലങ്ങൾ, സ്വയംതൊഴിൽ സംരംഭങ്ങൾക്കായി വർക്ക് ഷെഡ്, ആയുഷ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കൽ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്കു തൊഴിൽ നൈപുണ്യം നൽകുന്നതിന് അഭിരുചിയും ശേഷിയും ഉള്ളവരെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്നതിനാണു ‘മികവ്’ പദ്ധതി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തിൽനിന്നും 100 പേരെ വീതം തെരഞ്ഞെടുത്താകും പരിശീലനം നൽകുക. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പേർക്കു പരിശീലനം നൽകാനാണു ലക്ഷ്യമിടുന്നത്. കിലയുടെ നേതൃത്വത്തിൽ സംസ്ഥാന തൊഴിലുറപ്പ് മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അബ്ദുൾ നാസറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.