സംസ്ഥാനത്ത് കൂടുതൽ ഐ.ടി.ഐകൾ സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ശിവൻകുട്ടി

0
78

അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയാൽ സംസ്ഥാനത്ത് കൂടുതൽ ഐ.ടി.ഐകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചാക്ക ഗവൺമെൻറ് ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ആദ്യഘട്ട പ്രവർത്തികളുടെ പൂർത്തീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്ന ഐ.ടി.ഐ ആയ ചാക്ക ഐ.ടി.ഐയിൽ കാലഘട്ടത്തിനനുസരിച്ച് പുതിയ ട്രേഡുകൾ കൊണ്ടുവരികയാണ് ആവശ്യമെന്നും അത് നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

ആധുനിക തൊഴിൽ പരിശീലനവും പുതിയ കോഴ്‌സുകളും ആവശ്യമാണ്. യുവാക്കളെയും വിദ്യാർത്ഥികളെയും ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് വിപത്തിന് എതിരായ പോരാട്ടം ശക്തമാക്കണമെന്ന് മന്ത്രി ശിവൻകുട്ടി വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു. വളരെ ഗൗരവമുള്ള വിഷയമാണ് മയക്കുമരുന്ന് ഉപയോഗം.

നമ്മുടെ മക്കൾ കെണിയിൽ അകപ്പെടുന്ന സ്ഥിതിയുണ്ട്. പാവപ്പെട്ട രക്ഷിതാക്കൾ ഇതൊന്നും അറിയുന്നില്ല. ഇതിനെതിരെ ക്യാമ്പസുകളിൽ നല്ല രീതിയിലുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 5.23 കോടി രൂപ ചെലവഴിച്ചാണ് ഐ.ടി.ഐയിൽ ആദ്യഘട്ട വികസന പ്രവർത്തികൾ പൂർത്തിയാക്കിയിട്ടുള്ളത്. പുതിയ കവാടം, റോഡ്, നവീകരിച്ച ലാബുകൾ, വിർച്വൽ ക്ലാസ് റൂം, സെക്യൂരിറ്റി ക്യാബിൻ, വൈദ്യുതീകരണ പ്രവർത്തികൾ, ചിതറിക്കിടന്ന വർക്ക് ഷോപ്പുകൾ ക്ലസ്റ്റർ രീതിയിൽ പുന:ക്രമീകരിക്കൽ, കൂടുതൽ മെഷീനുകൾ ലഭ്യമാക്കൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പൂർത്തിയായത്. സ്‌പെഷ്യൽ ഫണ്ടായി വകയിരുത്തിയ 22 ലക്ഷം രൂപയും ഇതിനായി വിനിയോഗിച്ചു.

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അധ്യക്ഷത വഹിച്ചു. എല്ലാവരുടെയും പിന്തുണ ലഭിച്ചതിനാലാണ് ഒന്നാംഘട്ട പ്രവർത്തി നല്ലരീതിയിൽ പൂർത്തീകരിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. പി ശിവശങ്കരൻ, ചാക്ക ഐ. ടി. ഐ പ്രിൻസിപ്പൽ ഷമ്മി ബേക്കർ, കൗൺസിലർ അഡ്വ. എം. ശാന്ത തുടങ്ങിയവർ സംസാരിച്ചു.