ശശി തരൂർ, മനീഷ് തിവാരി; കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ജി 23 നേതാക്കൾ

0
58

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നൽകില്ലെന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കിയതോടെ ആരാകും പാർട്ടി തലപ്പത്തേക്കെത്തുകയെന്ന ആകാംഷയിലാണ് പ്രവർത്തകർ. ഗാന്ധി കുടുംബം ഇല്ലാത്ത മത്സരത്തിൽ തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിൻറെ മാധ്യമങ്ങളോടുള്ള പ്രതികരണം.

നടപടി ക്രമങ്ങൾ തുടങ്ങാൻ മൂന്ന് ആഴ്ച ശേഷിക്കെയാണ് ഗാന്ധി കുടുംബം മത്സരത്തിനില്ലെ വ്യക്തമാവുന്നത്. മുതിർന്ന നേതാക്കൾ അനുനയിപ്പിക്കാൻ നോക്കിയിട്ടും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ സ്ഥാനമൊഴിഞ്ഞ പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സോണിയ ഇടക്കാല അധ്യക്ഷയായിരിക്കുന്നത്. പ്രിയങ്കഗാന്ധി അധ്യക്ഷപദവിയിലേക്ക് എത്തുന്നത് കുടംബപാർട്ടിയെന്ന വിമർശനം ശകത്മാക്കും. ഇതെല്ലാം കണക്കിലെടുത്താണ് ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തൊരാൾ സ്ഥാനാർത്ഥിയാകട്ടെയെന്നാണ് രാഹുൽ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വരുന്നതിനോടാണ് ഗാന്ധി കുടംബത്തിനും താൽപ്പര്യം. നേരത്തെ കമൽനാഥിനെ പരിഗണിച്ചിരുന്നെങ്കിലും മധ്യപ്രദേശിൽ നിൽക്കാനാണ് അദ്ദേഹം താൽപ്പര്യപ്പെടുന്നത്. അതേസമയം ഗാന്ധി കുടംബത്തിൽ നിന്നാരുമില്ലെന്ന സാഹചര്യത്തിൽ മത്സരിക്കാനുറച്ച് തന്നെയാണ് ജി 23 നേതാക്കളുടെ നീക്കം. മത്സരിക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നത് ശശി തരൂർ, മനീഷ് തിവാരി എന്നിവർക്കാണ്. മത്സര സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിൻറെ ഇന്നത്തെ മാധ്യമങ്ങളോടുള്ള പ്രതികരണം.

ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുറത്ത് നിന്നൊരാൾ വരട്ടെ. ഒരു ജനാധിപത്യ പാർട്ടിയിൽ മത്സരം ഗുണം ചെയ്യും. എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടിക്ക് പുതിയ ഉണർവേകും – തരൂർ പറഞ്ഞു

മത്സരത്തിലേക്ക് പോവുകയാണെങ്കിൽ ഗാന്ധി കുടുംബത്തിൻറെ മാനസിക പിന്തുണ ആർക്കെന്നതായിരിക്കും നിർണായകം. നിലവിൽ ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നാണ് നിലപാടെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. തരൂർ മത്സരിക്കുന്നതിനെ കോൺഗ്രസിൽ നിന്ന് രാജി വെച്ച ഗുലാംനബി ആസാദ് പിന്തുണച്ചു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടിനാണ് മത്സരത്തിന് ഇടം നൽകാതെ സമവായം ഉണ്ടക്കാനായാൽ കോൺഗ്രസ് അധ്യക്ഷനാരാണെന്ന് അന്ന് തന്നെ വ്യക്തമാകും