നാവ് കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ചു; വീട്ടുജോലിക്കാരിയോട് ക്രൂരമായി പെരുമാറി: ബി.ജെ.പി നേതാവിന് സസ്‌പെൻഷൻ

0
95

ആദിവാസി വിഭാഗത്തിൽപ്പെട്ട വീട്ടുജോലിക്കാരിയോട് ക്രൂരമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് ബി.ജെ.പി നേതാവിന് സസ്‌പെൻഷൻ. ബി.ജെ.പി ജാർഖണ്ഡ് വനിതാ വിഭാഗം ദേശീയ വർക്കിങ് കമ്മറ്റി അംഗമായ സീമ പത്രയ്‌ക്കെതിരെയാണ് നടപടി. ബേടി ബചാവോ, ബേടി പഠാവോ പദ്ധതിയുടെ സംസ്ഥാന കൺവീനർ കൂടിയാണിവർ. സീമയുടെ ഭർത്താവ് മഹേശ്വർ പത്ര വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുജോലിക്കാരി പറയുന്ന വീഡിയോ വൈറലായതിനെത്തുടർന്നാണ് സീമ പത്രയ്‌ക്കെതിരെ നടപടിയെടുത്തത്. ജാർഖണ്ഡിലെ ബി.ജെ.പി അധ്യക്ഷൻ ദീപക് പ്രകാശാണ് സീമ പത്രയെ സസ്‌പെൻഡ് ചെയ്തത്.

സുനിത എന്ന വീട്ടുജോലിക്കാരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിലയിലാണ് ദൃശ്യത്തിലുള്ളത്. പല്ലുകൾ നഷ്ടപ്പെട്ട നിലയിലും, എഴുന്നേറ്റു ഇരിക്കാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു അവർ. ശരീരത്തിൽ നിറയെ മുറിവുകളുമുണ്ട്. ക്രൂരതയുടെ ദൃശ്യം പുറത്തുവന്നതോടെ സീമ പത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നു. 29 വയസ്സുള്ള സുനിത 10 വർഷമായി സീമയുടെ വീട്ടിലെ ജോലിക്കാരിയാണ്. ആറ് വർഷത്തിനിടെ നിരവധി തവണ ഉപദ്രവിക്കപ്പെട്ടെന്ന് സുനിത പറയുന്നു.

ചൂടുള്ള തവിയും വടിയും ഉപയോഗിച്ച് മർദിച്ചു. മർദനത്തിനിടെ തന്റെ പല്ലുകൾ പൊട്ടിപ്പോയി. തറയിൽ നിന്ന് മൂത്രം നക്കാൻ നിർബന്ധിച്ചെന്നും സുനിത ആരോപിച്ചു. ഇങ്ങനെ ഉപദ്രവിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും സുനിത വീഡിയോയിൽ പറഞ്ഞു. സുനിതയുടെ നാവ് കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ചിട്ടുണ്ട് എന്ന പരാതിയുമുണ്ടായിട്ടുണ്ട് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സീമയുടെ മകൻ ആയുഷ്മാൻ സുനിതയെ സഹായിച്ചു. ആയുഷ്മാൻ കാരണമാണ് താൻ ഇന്ന് ജീവനോടെ ഇരിക്കുന്നതെന്ന് കണ്ണീരോടെ സുനിത പറഞ്ഞു. സുനിതയുടെ ദുരിതം സഹോദരിയെ അറിയിച്ചിരുന്നുവെങ്കിലും അവർ സ്വീകരിക്കാൻ തയ്യാറായില്ല. ഒരു സുഹൃത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് സുനിതയെ രക്ഷപ്പെടുത്തിയത്.

ഇപ്പോൾ റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സുനിത. സുഖം പ്രാപിച്ചാൽ താൻ പഠനം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സുനിത പറഞ്ഞു. യുവതിയുടെ പരാതിയിൽ പൊലീസ് സീമയുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഉടൻ സുനിതയുടെ മൊഴി രേഖപ്പെടുത്തും. തുടർന്ന് സീമ പത്രയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.