ബ്രിട്ടന്റെ യുദ്ധകപ്പൽ യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി

0
87

ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായ എച്ച്‌.എം.എസ് പ്രിൻസ് ഒഫ് വെയ്‌ൽസ് യു.എസിലേക്കുള്ള യാത്രാമദ്ധ്യേ യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി.

റോയൽ നേവിയുടെ വിമാനവാഹിനി കപ്പലായ പ്രിൻസ് ഒഫ് വെയ്‌ൽസ് ശനിയാഴ്ച തെക്കൻ ഇംഗ്ലണ്ടിലെ പോട്‌സ്‌മത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്ത് സൈനികാഭ്യാസത്തിനായി പുറപ്പെട്ടതായിരുന്നു കപ്പൽ. എന്നാൽ യാത്ര തുടങ്ങി അധികം വൈകുന്നതിന് മുന്നേ യന്ത്രത്തകരാർ കണ്ടെത്തിയതോടെ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്ത് തന്നെ കപ്പൽ പിടിച്ചിട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നിലവിൽ സ്റ്റോക്ക് ബേയിലേക്ക് കപ്പൽ സാവധാനം നീങ്ങുകയാണ്.

വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന കപ്പലിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതോടെ യാത്ര ശനിയാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. 65,000 മെട്രിക് ടൺ ഭാരമുള്ള എച്ച്‌.എം.എസ് പ്രിൻസ് ഒഫ് വെയ്‌ൽസ് ബ്രിട്ടീഷ് നേവിയുടെ ക്വീൻ എലിസബത്ത് ക്ലാസിലെ വിമാനവാഹിനികളിലൊന്നാണ്. നാറ്റോ സൈനിക സഖ്യത്തിന്റെ കമാൻഡ് ഷിപ്പായും പ്രിൻസ് ഒഫ് വെയ്‌ൽസിനെ ബ്രിട്ടീഷ് നേവി ഉപയോഗിക്കുന്നു. ബ്രിട്ടീഷ് റോയൽ നേവി നിർമ്മിക്കുന്നതിൽ ഏറ്റവും വലുതും നൂതനവുമായ യുദ്ധക്കപ്പലുകളിലൊന്നാണിത്. 230 അടി വീതിയും 919 അടി നീളവുമുള്ള ഫ്ലൈറ്റ് ഡെക്കോട് കൂടിയ പ്രിൻസ് ഒഫ് വെയ്‌ൽസിന് 40 ഹെലികോപ്റ്ററുകൾ വഹിക്കാനാകും. 300 കോടി പൗണ്ട് ചെലവഴിച്ചാണ് ഈ കൂറ്റൻ കപ്പൽ നിർമ്മിച്ചത്