ബെംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി

0
102

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി. കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് കീഴടങ്ങൽ. കൃഷണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. ക‍ൃഷ്ണപ്രസാദ് , കഴിഞ്ഞ ദിവസം റിമാൻഡിലയച്ച അബ്ദുൾ ഗഫൂർ എന്നിവർക്ക് വേണ്ടി അന്വേഷണ സംഘം നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു പ്രതി ഷബീറിനെ വയനാട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

കേസിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. വയനാട്ടിലെ കൽപ്പറ്റയിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷബീറിൻറെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു .

രാജ്യത്തിൻ്റെ പലയിടങ്ങളിൽ ഒളിച്ചുതാമസിച്ച് കൽപറ്റയിലെത്തിയപ്പോഴാണ് അബ്ദുൾ ഗഫൂറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുണ്ടായിത്തോട് പ്രവർത്തിച്ച സമാന്തര ടെലഫോൺ എക്സേഞ്ചിന് പിന്നിലുണ്ടായിരുന്നത് അബ്ദുൾ ഗഫൂറാണ്. മുഖ്യപ്രതി ഷബീറുമായുള്ള ഇടപാടിൻ്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. പാളയത്ത് ബിനാഫെ എന്ന പേരിലുളള ഇയാളുടെ ഓഫീസിലേക്കായിരുന്നു വ്യാജ സിം കാർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമെത്തിച്ചത്.

ബെംഗളൂരു സമാന്തര എക്സേഞ്ച് കേസിലെ പ്രധാന പ്രതി ഇബ്രാഹിം ഉൾപ്പടെ രണ്ടു പേർ കോഴിക്കോട്ടെ കേസിലും നേരത്തെ പിടിയിലായിരുന്നു. നെതർലാൻഡിൽ നിന്ന് സെർവർ വാങ്ങിയാണ് പ്രതികൾ എക്സേഞ്ച് നടത്തിയത്. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷബീറിൻറെ തെളിവെടുപ്പ് തുടരുകയാണ്. ഇയാളുടെ ഇരുചക്രവാഹനമുൾപ്പെടെ കണ്ടെടുത്തു. വിവരങ്ങടങ്ങിയെ ലാപ് ടോപ്പിനായുളള തെരച്ചിൽ തുടരുകയാണ്. സമാന്തര ടെലിഫോൺ എക് സ്ചേഞ്ച് നാൽപത് കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ED അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2007 മുതൽ കമ്പ്യൂട്ടർ ഉപകരണ വിതരണ കമ്പനിയുടെ മറവിലാണ് പ്രതികൾ സമാന്തര എക്സേഞ്ച് നടത്തിയത്. കഴിഞ്ഞവർഷം ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്.