കേരള ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കി

0
89

ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഔദ്യോഗിക കാലാവധി അടക്കമുള്ള കാര്യങ്ങളിൽ മാറ്റം നിർദേശിക്കുന്ന കേരള ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കി. സുപ്രീംകോടതി ജഡ്‌ജി, ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസ് പദവികളിൽനിന്ന്‌ വിരമിച്ചവർക്കുപുറമെ ഹൈക്കോടതി മുൻ ജഡ്‌ജിയെയും ലോകായുക്ത നിയമനത്തിന്‌ പരിഗണിക്കാമെന്ന്‌ ബിൽ പറയുന്നു.

ഹൈക്കോടതി മുൻ ജഡ്‌ജിയെ ഉപലോകായുക്തയായി നിയമിക്കാം. അഞ്ചുവർഷമോ, എഴുപത്‌ വയസോ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ നിയമന കാലാവധി അവസാനിക്കും. ‌ ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഒഴിവിലോ, അവധിയിലോ മുതിർന്ന ഉപലോകായുക്തയ്‌ക്ക്‌ പകരം ചുമതല നിറവേറ്റാനാകും. ലോകായുക്തയോ, ഉപലോകായുക്തയോ അന്വേഷണാനന്തരം നൽകുന്ന റിപ്പോർട്ട്‌ ചുമതലപ്പെടുത്തിയ അധികാരിക്ക്‌ ആവശ്യമായ പരിശോധനകൾക്കുശേഷം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ നിയമ ഭേദഗതി നിർദേശം അധികാരപ്പെടുത്തുന്നു.

എംഎൽഎമാർക്കെതിരായ റിപ്പോർട്ടിൽ സ്‌പീക്കറും, മുഖ്യമന്ത്രിക്കെതിരായ റിപ്പോർട്ടിൽ സംസ്ഥാന നിയമ സഭയും പരിശോധിച്ച്‌ നടപടി സ്വീകരിക്കും. രാഷ്‌ട്രീയ പാർടികളുടെ സംസ്ഥാനതല നേതാക്കളെ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കാനും വ്യവസ്ഥ ചെയ്യുന്നു. എ സി മൊയ്‌തീൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു. നിയമ മന്ത്രി പി രാജീവ്‌ മറുപടി നൽകി. ബിൽ പാസാക്കൽ നടപടികളുടെ അവസാന ഘട്ടത്തിൽ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഭേദഗതി നിർദേശങ്ങൾ ലോകായുക്ത നിയമത്തെ ദുർബലമാക്കുമെന്ന്‌ ആരോപിച്ചായിരുന്നു ബഹിഷ്‌കരണം.