ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളും: മുഖ്യമന്ത്രി

0
83

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ലഹരിക്കേസിൽ പിടിയിലാകുന്നവ‍ർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അതിർത്തികളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പൊലീസന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. യുവാക്കൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനിൽ കണ്ണിചേർക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും.

ഒക്ടോബർ 2 ന് ക്യാമ്പയിനിന്റെ ഉദ്ഘാടനം നടത്തും. ഉദ്ഘാടന ദിവസം എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസ്സ് പി.ടി.എ. യോഗങ്ങൾ ചേരും. എല്ലാ ക്ലാസ്സുകളിലും വിക്ടേഴ്‌സ് ചാനൽ വഴി ഉദ്ഘാടന പ്രസംഗം കേൾക്കാൻ അവസരം ഒരുക്കും. തുടർന്ന് ലഹരിക്കെതിരായ രണ്ടോ മൂന്നോ ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്ലാസ്സും ലഹരി എന്ന വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും സംഘടിപ്പിക്കും. ബസ് സ്റ്റാന്റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തിൽ പരിപാടികൾ നടത്തും.

ഗാന്ധി ജയന്തി ആഘോഷങ്ങൾ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യണം. റോൾപ്ലേ, സ്‌കിറ്റ്, ലഹരി വിരുദ്ധ കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങി പ്രാദേശിക സാധ്യതകൾ പരിഗണിച്ച് പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യും. ശുചീകരണത്തിന്റെ ഭാഗമായി പ്രതീകാത്മക ലഹരി ഉൽപ്പന്നങ്ങൾ കുഴിച്ചുമൂടൽ തുടങ്ങിയവ ആവിഷ്കരിച്ച് നടപ്പാക്കും.

ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ, കോളേജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചുറ്റും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല സൃഷ്ടിക്കും. എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന ലഹരിവിരുദ്ധ ജനജാഗ്രത സമിതികൾ രൂപീകരിക്കും. എൻ.സി.സി., എസ്.പി.സി., എൻ.എസ്.എസ്., സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെ.ആർ.സി വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും.

കുടുംബശ്രീ യൂണിറ്റുകളിൽ ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചർച്ച സംഘടിപ്പിക്കണം. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങൾ ചേരണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച കൃത്യവും വിശദവുമായ നിർദ്ദേശങ്ങൾ നൽകണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ കൈമാറണം.

ലഹരി ഉപഭോഗവും ലഹരി വിപത്തിനെ തടയലും സംബന്ധിച്ച് ആരാധാനാലയങ്ങളിൽ പരാമർശിക്കുന്നതിന് അഭ്യർത്ഥിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷൻ, എസ്.സി.ഇ.ആർ.ടിയുമായി ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കാവൂ.

എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കും. പോസ്റ്ററിൽ ലഹരി ഉപഭോഗം/വിതരണം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പർ ഉൾപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ്/ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണം.

എല്ലാ എക്‌സൈസ് ഓഫിസിലും ലഹരി ഉപഭോഗം/വിതരണം സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനതല ജനജാഗ്രതാ സമിതികൾ മൂന്നു മാസത്തിൽ ഒരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിൽ എക്‌സൈസ്/പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആറ് മാസത്തിലൊരിക്കൽ ഉന്നതതല അവലോകന യോഗം ചേരും. ഇതിനിടെ ചീഫ് സെക്രട്ടറിയുടെ പരിശോധനയും വിലയിരുത്തലും നടത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. വിവിധ വകുപ്പുകൾ അവരുടെ നേതൃത്വത്തിൽ കൈക്കൊണ്ട നടപടികൾ യോഗത്തിൽ വിശദീകരിച്ചു.