ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ സ്‌പെയ്‌സ് ഒബസർവേറ്ററി വരുന്നു

0
154

ബഹിരാകാശ പ്രേമികൾക്ക് കൂടുതൽ സ്വാതന്ത്രത്തോടെ ശൂന്യാകാശം നിരീക്ഷിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ സിറ്റുവേഷണൽ അവയർനെസ് ഒബസർവേറ്ററി (Space Situational Awareness observatory) വരുന്നു. ബഹിരാകാശ മേഖലയിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ ബംഗളൂരു ആസ്ഥാനമായുള്ള ദിഗന്തര റിസർച്ച് ആൻഡ് ടെക്‌നോളജീസ് ആണ് രാജ്യത്ത് ആദ്യമായി വാണിജ്യ ബഹിരാകാശ സാഹചര്യ അവബോധ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിലാണ് എസ്എസ്എ ഒബസർവേറ്ററി സ്ഥാപിക്കുക. സൈനിക ഉപഗ്രഹങ്ങളും ബഹിരാകാശ അവശിഷ്ടങ്ങളും നിരീക്ഷിക്കുന്നത് ഉൾപ്പെടെ ബഹിരാകാശത്തെ ഏത് പ്രവർത്തനവും നിരീക്ഷിക്കാൻ ഇവിടെ നിരീക്ഷകരെ അനുവദിക്കും. വളരെ വേഗത്തിൽ, വളരെ വിദൂരതയിലുള്ള ബഹിരാകാശത്തെ സംഭവങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിയും. പ്രത്യേകിച്ച് ഭൂസ്ഥിര ഭ്രമണപഥവും (Geostationary), മീഡിയം എർത്ത് ഓർബിറ്റുകളും, ഹൈ എർത്ത് ഓർബിറ്റുകളും ഒക്കെ കാണാൻ സാധിക്കും.

ദിഗന്തരയുടെ ഈ സംരംഭം ബഹിരാകാശ അവശിഷ്ടങ്ങൾ നിരീക്ഷിക്കുന്നതിൽ യുഎസിന്റെ നിയന്ത്രണത്തിലെ സംവിധാനങ്ങളിൽ നിന്ന് സ്വതന്ത്രമായി ബഹിരാകാശ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലേക്ക് ഇന്ത്യയെ ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകും. കൂടുതൽ സ്വാതന്ത്രത്തോടെ ലളിതമായി പൊതുജനങ്ങൾക്കും ബഹിരാകാശ പര്യവേഷണവും മറ്റും അനുഭവിക്കാൻ കഴിയുന്ന ഈ ബഹിരാകാശ നിരീക്ഷണാലയം ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെയാണ്. ഉടൻ തന്നെ ഈ സംരംഭം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഇന്ത്യയിൽ നിരവധി ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. അവയെല്ലാം പൊതുജനങ്ങൾക്ക് വളരെ നിയന്ത്രിതമായ പ്രവേശനം മാത്രം നൽകുന്നവയാണ്. പലതും മുൻകൂർ അനുമതിയോടെ മാത്രം സാധ്യമാകുന്ന ഇടങ്ങളാണ്. ലഡാക്കിലെ ഹാൻലെയിലുള്ള ഇന്ത്യൻ അസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററി, ഇന്ത്യയിലെ എല്ലാ നിരീക്ഷണാലയങ്ങളിലും വച്ച് ഏറ്റവും വലുതും ജനപ്രിയവുമായ ഒന്നാണ്. പക്ഷെ ഇവിടെയും നിയന്ത്രിത സന്ദർശനങ്ങളെ അനുവദിക്കുന്നുള്ളൂ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ നിരീക്ഷണ കേന്ദ്രം കൂടിയാണിത്.

തമിഴ്നാട്ടിലെ കാവലൂരിലുള്ള വൈനു ബാപ്പു ഒബ്സർവേറ്ററിയിൽ ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനിയുണ്ട്. മുൻകൂർ അനുമതിയോടെ മാത്രമേ ഇത് പൊതുജനങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയൂ. അതുപോലെ, തമിഴ്നാട്ടിലെ തന്നെ പളനി ഹിൽസിലുള്ള കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററി, ഊട്ടിയിലെ – ഊട്ടി റേഡിയോ ടെലിസ്‌കോപ്പ്, രാജസ്ഥാനിലെ ഉദയ്പൂർ സോളാർ ഒബ്സർവേറ്ററി, ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ഏരീസ് (ARIES) ഒബ്സർവേറ്ററി തുടങ്ങി നിരീക്ഷണ കേന്ദ്രങ്ങളിലെല്ലാം പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്.

ബഹിരാകാശ നിരീക്ഷണം ഉൾപ്പടെയുള്ള പല കാര്യങ്ങളിലും പൊതുജനങ്ങൾക്കും അവസരം ഒരുക്കുന്നതിനുള്ള പല സംരഭങ്ങളും ഇന്ത്യയിൽ ഇപ്പോൾ ആരംഭിക്കുന്നുണ്ട്. ഉദ്ദാഹരണത്തിന് ആസ്‌ട്രോ ടൂറിസവുമായി ബന്ധിച്ച് ഇന്ത്യയുടെ ആദ്യത്തെ ഡാർക്ക് സ്‌കൈ റിസർവ് ലഡാക്കിൽ വരുകയാണ്. വളരെ മനോഹരവും ശാന്തവുമായ ചാങ്താങ് കോൾഡ് ഡെസേർട്ട് വൈൽഡ്ലൈഫ് സാങ്ച്വറിയുടെ കീഴിലുള്ള പ്രദേശത്തായിരിക്കും ഡാർക്ക് സ്‌കൈ റിസർവ് വരുക.

അതുപോലെ തന്നെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വാനനിരീക്ഷണ കേന്ദ്രം ഗുജറാത്തിൽ തുറക്കാൻ ഒരുങ്ങുകയാണ്. വഡ്‌നഗറിനോട് ചേർന്നുള്ള ധരോയിലാണ് 140 മീറ്റർ ഉയരത്തിലുള്ള വാന നിരീക്ഷണ കേന്ദ്രം തയ്യാറാകുന്നത്. വാനനിരീക്ഷണ കേന്ദ്രം പൂർത്തിയാകുമ്പോൾ വ്യത്യസ്ത ഗ്രഹങ്ങളെ കാണാൻ കഴിയുന്ന അതിശയകരമായ ടെലിസ്‌കോപ്പ് ഗാലറിയാവും ഇവിടെ ഒരുക്കുക. ഇത്തരത്തിൽ പല പദ്ധതികളും രാജ്യത്ത് ഇപ്പോൾ വന്നുക്കൊണ്ടിരിക്കുകയാണ്. ഇതുക്കൊണ്ടൊക്കെ തന്നെ ആളുകൾക്ക് ഈ മേഖലയിൽ താൽപര്യം വർദ്ധിച്ചിട്ടുണ്ട്.