ഗുജറാത്ത വംശഹത്യ കേസ്: സിബിഐക്ക് കൈമാറണമെന്ന ഹർജി തീർപ്പാക്കി സുപ്രീം കോടതി

0
147

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പത്‌ കേസുകളിലെ അന്വേഷണം സിബിഐക്ക്‌ കൈമാറണമെന്ന ആവശ്യം അപ്രസക്തമായെന്ന്‌ ചൂണ്ടിക്കാണിച്ച്‌ 11 ഹർജികൾ സുപ്രീംകോടതി തീർപ്പാക്കി. ദേശീയ മനുഷ്യാവകാശകമീഷൻ ഉൾപ്പടെയുള്ള കക്ഷികൾ നൽകിയ ഹർജികൾ ചീഫ്‌ജസ്‌റ്റിസ്‌ യു യു ലളിത്‌ അദ്ധ്യക്ഷനായ ബെഞ്ചാണ്‌ തീർപ്പാക്കിയത്‌.

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പത്‌ കേസുകളിൽ അന്വേഷണവും വിചാരണയും നടത്താൻ സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ചിരുന്നു. ഇതിൽ എട്ട്‌ കേസുകളിൽ അന്വേഷണവും വിചാരണയും പൂർത്തിയായി. നരോധാഗാം കേസിൽ വിചാരണ അവസാനഘട്ടത്തിലാണ്‌. ഈ സാഹചര്യത്തിൽ ഹർജികൾ തീർപ്പാക്കണമെന്ന്‌ എസ്‌ഐടിക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി ആവശ്യപ്പെട്ടു.

ഹർജിയിലെ പ്രധാനആവശ്യമായ അന്വേഷണം സിബിഐക്ക്‌ കൈമാറണമെന്ന ആവശ്യം അപ്രസക്തമായ സാഹചര്യത്തിൽ ഹർജികൾ തീർപ്പാക്കുകയാണെന്ന്‌ സുപ്രീംകോടതി അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകൾ സിബിഐക്ക്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ 2002 നും 2004നും ഇടയിലാണ്‌ മനുഷ്യാവകാശകമീഷൻ ഉൾപ്പടെയുള്ള കക്ഷികൾ ഹർജികൾ നൽകിയത്‌.