വിമാന നിരക്കുകൾ വർധിക്കുന്നു

0
87

ഗൾഫിൽ സ്‌കൂളുകൾ തുറന്നതോടെ നാട്ടിൽ നിന്ന് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടിയായി ഉയർന്ന ടിക്കറ്റ് നിരക്ക്. വേനൽ അവധിക്ക് ഗൾഫിൽ സ്‌കൂളുകൾ അടച്ചതോടെ വൺവേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാൻ പ്രയാസം അനുഭവിക്കുന്നത്. ഒരാൾക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക്.

നാലംഗ കുടുംബത്തിന് ദുബൈയിലേക്ക് മടങ്ങാൻ 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്കാണെങ്കിൽ 5000 മുതൽ 10,000 രൂപ വരെ നിരക്ക് വർധിക്കും. ഉയർന്ന തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ഒഴിവില്ലാത്തതിനാൽ യുഎഇയിലെക്ക് മടങ്ങണമെങ്കിൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.

കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000 രൂപ ചിലവ് വരും. ഖത്തറിലേക്കും മസ്‌കറ്റിലേക്കും ഒരാൾക്ക് 35,000 രൂപയും ബഹ്‌റൈനിലേക്ക് ഒരാൾക്ക് 44,000 രൂപയ്ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്കായി നൽകേണ്ടി വരിക. റിയാദിലേക്ക് 50,000 രൂപയാണ് നിരക്ക്. സെപ്തംബർ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.