വർധിച്ചുവരുന്ന കോവിഡ് 19 കേസുകൾക്കിടയിൽ ഓഫീസിലിരുന്ന് ജോലി ചെയ്യാനുള്ള ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച് ഗൂഗിൾ ജീവനക്കാർ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിലേക്ക് മടങ്ങാൻ ഗൂഗിൾ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ജോലിസ്ഥലത്ത് കോവിഡ് 19 കേസുകളുടെ എണ്ണം വർധിക്കുന്നത് കണ്ട് ജീവനക്കാർ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്.
ചില ജീവനക്കാർ വീണ്ടും ഓഫീസിൽ നിന്ന് ജോലി ചെയ്യാൻ തുടങ്ങിയത് മുതൽ, അവരുടെ ഇമെയിൽ ഇൻബോക്സുകളിൽ കോവിഡിനെ കുറിച്ചുള്ള അറിയിപ്പുകൾ പതിവായി ലഭിക്കുന്നുണ്ടെന്ന് സിഎൻബിസി റിപോർട് ചെയ്തു. നിലവിലുള്ള അവസ്ഥകളിൽ നിരാശരായ ജീവനക്കാർ അവരുടെ രോഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രകടിപ്പിക്കുകയാണ്.
ഗൂഗിൾ ഏപ്രിലിൽ അതിന്റെ വർക് ഫ്രം ഹോം നയം അവലോകനം ചെയ്യുകയും ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും തങ്ങളുടെ ജീവനക്കാർ ഓഫീസിൽ ഹാജരാകണമെന്ന് നിർബന്ധമാക്കുകയും ചെയ്തു. എന്നിരുന്നാലും 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വരുമാന വളർച ഗൂഗിൾ രേഖപ്പെടുത്തിയ സാഹചര്യത്തിൽ അത് ചൂണ്ടിക്കാട്ടി ജീവനക്കാർ പുതിയ മാർഗനിർദേശങ്ങളെ അന്ന് പ്രതിരോധിച്ചിരുന്നു.
ലോസ് ഏഞ്ചൽസ് നഗരത്തിലെ പബ്ലിക് ഹെൽത് ഡാഷ്‌ബോർഡ് അനുസരിച്ച്, മറ്റേതൊരു കംപനിയെ അപേക്ഷിച്ച് ഗൂഗിളിന്റെ ജോലിസ്ഥലത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപോർട് ചെയ്തിട്ടുണ്ട്. കാലിഫോർണിയ വെനീസിലെ ഗൂഗിൾ ഓഫീസിൽ 145 കേസുകളും കംപനിയുടെ പ്ലായ വിസ്റ്റ ക്യാംപസിൽ 135 കേസുകളും റിപോർട് ചെയ്തിട്ടുണ്ടെന്ന് റിപോർടുകൾ പറയുന്നു.