ഇന്ന് അത്തം, അത്തം പത്തോണം പിറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കൊവിഡ് ഭീഷണിയിൽ പൊയ്‌പ്പോയ രണ്ട് ഓണക്കാലങ്ങളിൽ നിന്നും ഓർമ്മയിലെ ഓണം തിരിച്ചുപിടിക്കാനുള്ള ഒരുക്കം തുടങ്ങുകയായി.
ചിണുങ്ങി ചിണുങ്ങി ചിങ്ങത്തിലെ മഴ പെയ്യുന്നുണ്ട്. പാടത്തെ കാക്കപ്പൂവിനും പാടവരമ്പിലെ തുമ്പയ്ക്കും തൊടിയിലെ മുക്കുറ്റിക്കും ഓണത്തിന്റെ ആവേശമാണ്. ഓർമകളുടെ മരക്കൊമ്പുകളിലൊക്കെയും ഓണം ഊഞ്ഞാലിട്ടുകഴിഞ്ഞു. ഒന്നിൽ തുടങ്ങി പത്തിലേക്കെത്തുമ്പോൾ ഇനി തിരുവോണം… മലയാളിയുടെ ഓണക്കാതിരിപ്പിന് ഇനി പത്താം നാൾ സാഫല്യം…
പഴമയും ചിട്ടകളും ആചാരങ്ങളും എല്ലാം കാലത്തിനൊപ്പം മാറിയെങ്കിലും ഗൃഹതുരതയുടെ പൂക്കളങ്ങളിൽ അതെല്ലാം മലയാളിക്കൊപ്പമുണ്ട്. അത്തം പത്തോണം വന്നണയുമ്പോൾ കഴിഞ്ഞുപോയ പ്രതിസന്ധി കാലത്തിന്റെ തടവറയിൽ നിന്ന് പുറത്തുവരുന്നതിന്റെ ആവേശത്തിൽ കൂടിയാണ് മലയാളികൾ. നാടും നഗരവും ഓണക്കാലത്തിന്റെ ആവേശത്തിലലിഞ്ഞു തുടങ്ങുമ്പോൾ അത്തം കറുത്ത് ഓണം വെളുക്കുന്ന നാളിനായുള്ള കാത്തിരിപ്പണ് ഇനി…