ആർട്ടിമിസ് വണ്ണിനായുള്ള റോക്കറ്റിന്റെ എൻജിനുകളിൽ ഒന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നു വിക്ഷേപണം മാറ്റിവെച്ചു

0
108

ആർട്ടിമിസ് വണ്ണിനായുള്ള റോക്കറ്റിന്റെ എൻജിനുകളിൽ ഒന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നു വിക്ഷേപണം മാറ്റിവെച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കുക എന്ന അന്തിമലക്ഷ്യത്തിന് മുന്നോടിയായുള്ള പരീക്ഷണ ദൗത്യമാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ നീട്ടിവെച്ചത്.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നാസയുടെ ചാന്ദ്രദൗത്യം. ഇതിന്റെ ഭാഗമായി പരമ്ബരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് വണ്ണിനായുള്ള റോക്കറ്റിന്റെ എൻജിനുകളിൽ ഒന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. നാലു എൻജിനുകളിൽ ഒന്നിനാണ് തകരാർ കണ്ടെത്തിയത്. വിക്ഷേപണത്തിന്റെ പുതിയ തീയതി നാസ പിന്നീട് പ്രഖ്യാപിക്കും. വിക്ഷേപണം കാണാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ പതിനായിരങ്ങളാണ് കെന്നഡി സ്‌പേസ് സെന്ററിന് സമീപമുള്ള ബീച്ചിൽ കാത്തുനിന്നത്.

50 വർഷങ്ങൾക്ക് മുൻപാണ് നാസ അവസാനമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചത്. അപ്പോളോ 17 എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശസഞ്ചാരികൾ ചന്ദ്രനിൽ കാലുകുത്തിയത്.ഇന്ന് വരെ ലോകത്തിൽ നിർമിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ് ആർട്ടിമിസ് പുറപ്പെടാൻ ഇരുന്നത്. സ്‌പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്‌എൽഎസ് റോക്കറ്റാണ് ആർട്ടിമിസിനെ ചന്ദ്രനിൽ എത്തിക്കാൻ ഉപയോഗിച്ചത്.