തൊടുപുഴ ഉരുൾപൊട്ടലിൽ മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി

0
54

കുടയത്തൂരിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണ്ണിനടിയിലായ അഞ്ച് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ടരയോടെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് മണ്ണിനടിയിലായത്.

സോമൻ മാതാവ് തങ്കമ്മ, മകൾ ഷിമ, കൊച്ചുമകൻ ദേവാനന്ദ്, ഭാര്യ ഷിജി എന്നിവരാണ് മരിച്ചത്. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അഞ്ച് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തങ്കമ്മയുടെ മൃതദേഹമായിരുന്നു തിരച്ചിലിനിടെ ആദ്യം കണ്ടെത്തിയത്. പിന്നാലെ ദേവാനന്ദിന്റേയും. ഷിമയുടെ മൃതദേഹം കണ്ടെത്താൻ വൈകിയിരുന്നു. ഡോഗ് സ്കാഡിന്റെ പരിശോധനയിലാണ് സോമൻറേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്.

വലിയ തോതിൽ മണ്ണിടിഞ്ഞ് വീടിന്റെ മുകളിൽ പതിച്ചിട്ടുണ്ട്. വീട് പൂർണമായും മണ്ണിനടയിലായിരുന്നനു. ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തത്. സ്ഥലത്ത് ജെസിബി എത്താൻ ബുദ്ധിമുട്ട് നേരിട്ടത് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമായി.

ഉരുൾപ്പൊട്ടിയ മേഖലയിൽ ഇന്നലെ അർധരാത്രിമുതൽ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ പ്രദേശത്ത് 131 മില്ലി മീറ്റർ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. പ്രദേശവാസികളെ സ്കൂളുകളിലേക്ക് മാറ്റി പാർപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉരുൾപ്പൊട്ടലുണ്ടായ സ്ഥലം സന്ദർശിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു.

തൊടുപുഴയിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം അധിക ടേബിളുകൾ ഒരുക്കി ഇന്നു തന്നെ നടത്തുന്നതിന് മന്ത്രി ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.