കേരളത്തിലെ കായികതാരങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമായി ദേശീയ ഗെയിംസിനെ കണക്കാക്കണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പരിശ്രമവും മനക്കരുത്തും ഒരുപോലെ നിലനിർത്തിയാൽ കേരളത്തിന് ഒന്നാമതെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനത്തിലുള്ള കായികതാരങ്ങളോട് സംവദിക്കുകയായിരുന്നു മന്ത്രി. ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രിയെത്തിയത്.
കായികതാരങ്ങൾക്ക് മികച്ച പരിശീലനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് വകുപ്പ് വലിയ പരിഗണന നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.
പാരാലിമ്പിക്‌സ് താരമായ ജോബി മാത്യുവിനെ വേദിയിൽ മന്ത്രി ആദരിച്ചു. പരിമിതികൾ അതിജീവിച്ചുകൊണ്ട് രാജ്യത്തിനു വേണ്ടി 28 മെഡലുകൾ നേടാൻ കഴിഞ്ഞതിന് പിന്നിൽ മനക്കരുത്തും ആത്മവിശ്വാസവും കൊണ്ടാണെന്ന് അദ്ദേഹം കായികതാരങ്ങളെ ഓർമിപ്പിച്ചു.