കഴക്കൂട്ടം എൻഎച്ച് ബൈപാസ്: ടോൾ ഫീസ് കുറയ്ക്കണമെന്ന് കേരള ഹൈക്കോടതി

0
47

കഴക്കൂട്ടം-കാരോട് ദേശീയപാത ബൈപാസ് വഴിയുള്ള വാഹനങ്ങളിൽ നിന്ന് ഈടാക്കുന്ന ടോൾ ഫീസ് കുറയ്ക്കാൻ കേരള ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

എൻഎച്ച് ബൈപാസിന്റെ നാലര കിലോമീറ്റർ ഭാഗത്തെ നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടത്. കുറച്ച ഫീസ് ഒരാഴ്ചക്കകം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു.

നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ടോൾ ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കോവളം മുതൽ കാരോട് വരെയുള്ള ഭാഗത്ത് പണി പൂർത്തിയായിട്ടില്ലെന്നും സിഗ്നൽ ലൈറ്റുകളോ തെരുവുവിളക്കുകളോ സ്ഥാപിച്ചിട്ടില്ലെന്നും ഹർജിക്കാരൻ വാദിച്ചു.

പ്രധാന ജംക്‌ഷനുകള ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനും വാഹനം ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ കോടതി നിർദേശിച്ചിട്ടുണ്ട്.

വാഹന ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസും, മോട്ടോർ വാഹന വകുപ്പും, കെഎസ്‌സിഎസ്ടിഇ-നാറ്റ്പാകും നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.