‘അനുകൂല കോടതി തെരയുന്ന രീതി’ ഒരു നിലക്കും അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത

0
156

അഞ്ച് മാസം നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരുന്ന കർണാടകയിലെ ഹിജാബ് വിലക്കിനെതിരായ കേസ് തിങ്കളാഴ്ച പൊടുന്നനെ പരിഗണിച്ചപ്പോൾ വാദത്തിനൊരുങ്ങാൻ സാവകാശം ആവശ്യപ്പെട്ട ഹരജിക്കാരെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചു.

‘അനുകൂല കോടതി തെരയുന്ന രീതി’ ഒരു നിലക്കും അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. വിദ്യാർഥിനികൾക്ക് പരീക്ഷയും അക്കാദമിക് വർഷവും നഷ്ടപ്പെട്ട നേരത്ത് അടിയന്തരമായി പരിഗണിക്കാൻ തയാറാകാതിരുന്ന സുപ്രീംകോടതി അടിയന്തരാവശ്യം ഇല്ലാത്ത നേരത്ത് തിരക്കിട്ട് കേസ് പരിഗണിക്കേണ്ട കാര്യമില്ലെന്ന കുറിപ്പ് 20ലേറെ അഭിഭാഷകർ ചേർന്ന് സമർപ്പിച്ചതാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ പ്രകോപിപ്പിച്ചത്. ഹർജിക്കാർ വാദത്തിന് തയാറല്ലെങ്കിലും നോട്ടീസ് അയച്ച്‌ കേസുമായി മുന്നോട്ടുപോകണമെന്ന ആവശ്യം അംഗീകരിച്ച്‌ സുപ്രീംകോടതി കർണാടക സർക്കാറിന് നോട്ടീസ് അയച്ചു.

ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് തമന്ന സുൽത്താന അടക്കമുള്ള 65ഓളം ഹരജിക്കാരുള്ള ഹിജാബ് കേസ് പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസ് നീട്ടിവെക്കാൻ ഹരജിക്കാരുടെ അഭിഭാഷകർ രേഖാമൂലം ആവശ്യപ്പെട്ട കാര്യം ഉന്നയിച്ചത്. ഇത് കേട്ടതോടെ ക്ഷുഭിതനായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ‘നിങ്ങളല്ലേ അടിയന്തരമായി കേസ് കേൾക്കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെട്ടത്’ എന്ന് ഹരജിക്കാരുടെ അഭിഭാഷകനോട് ചോദിച്ചു. ‘ഇപ്പോൾ കേസ് പരിഗണിക്കാൻ പട്ടികയിലിട്ടപ്പോൾ നീട്ടിവെക്കാൻ ആവശ്യപ്പെടുന്നു. അനുകൂല കോടതി തെരയുന്ന രീതി അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഗുപ്ത അഭിഭാഷകനെ ഓർമിപ്പിച്ചു. കേസ് ഇനി നീട്ടുന്ന പ്രശ്നമില്ലെന്നും ചൊവ്വാഴ്ച തന്നെ ഒരുങ്ങി വന്ന് വാദം തുടങ്ങാനും നീട്ടിവെക്കാൻ ആവശ്യപ്പെട്ട അഭിഭാഷകനോട് അദ്ദേഹം പറഞ്ഞു.

ഹരജി പട്ടികയിൽപ്പെടുത്തിയത് ഞായറാഴ്ചയാണ് അറിഞ്ഞതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകർക്ക് സുപ്രീംകോടതിയിൽ തിങ്കളാഴ്ച എത്താനാവില്ലെന്നും അഭിഭാഷകൻ മറുപടി നൽകി. മാത്രമല്ല, മുൻകൂട്ടി അറിയാത്തതിനാൽ അഭിഭാഷകർക്ക് ഒരുങ്ങാനും കഴിഞ്ഞിട്ടില്ല. അടിയന്തരമായി കേൾക്കാൻ ആവശ്യപ്പെട്ടത് പരീക്ഷക്ക് മുമ്ബായിരുന്നുവെന്നും അതെല്ലാം കഴിഞ്ഞതിനാൽ അടിയന്തര സാഹചര്യമില്ലന്നും അഭിഭാഷകൻ ബോധിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എന്നുകൊണ്ടുദ്ദേശിച്ചത് എന്താണെന്ന് ചോദിച്ച ജസ്റ്റിസ് ഗുപ്ത കർണാടകയിൽ നിന്ന് രണ്ടര മണിക്കൂർ മതി വിമാനത്തിന് എന്നും പ്രതികരിച്ചു. തുടർന്ന് സോളിസിറ്റർ ജനറലിന്റെ ആവശ്യം അംഗീകരിച്ച്‌ കേസ് വാദത്തിനെടുക്കുമെന്നും ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേർത്തു.