ആക്രമിക്കപ്പെട്ട നടിക്കെതിരേ സൈബർ പ്രചാരണം; ഷോൺ ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

0
106

ആക്രമിക്കപ്പെട്ട നടിക്കെതിരേ സൈബർ പ്രചാരണം നടത്തിയെന്ന കേസിൽ പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ക്രൈംബ്രാഞ്ച്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.അമ്മിണിക്കുട്ടന് മുമ്പാകെ ഹാജരാകാനാണ് നിർദേശം. കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചാകും ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വീട്ടിൽ കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഷോൺ ജോർജും ദിലീപിന്റെ സഹോദരൻ അനൂപുമായുള്ള വാട്സാപ്പ് ചാറ്റിന്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നടിക്കെതിരേ ആസൂത്രിതപ്രചാരണം നടത്താൻ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന കേസ് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സ്‌ക്രീൻ ഷോട്ട് ഷോൺ ജോർജിന്റെ ഫോണിൽനിന്ന് നടൻ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് പോയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോൺ, മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ സംഘം പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.

2019-ൽ ദിലീപിന്റെ സഹോദരൻ, ഷോൺ ജോർജിനെ വിളിച്ച ഫോണാണ് ക്രൈംബ്രാഞ്ച് തിരഞ്ഞത്. ഈ ഫോൺ 2019-ൽ നഷ്ടപ്പെട്ടെന്നും ഇതുസംബന്ധിച്ച് കോട്ടയം എസ്.പി.ക്ക് പരാതിനൽകിയിരുന്നെന്നുമാണ് ഷോൺ അറിയിച്ചത്.