ഭരണ​ഘടനയുടെ ഉള്ളടക്കം ജനങ്ങളിലേക്കെത്തിക്കണം: കർണാടക ഹൈക്കോടതി മുൻ ജഡ്ജി

0
173

ഭരണ​ഘടനയുടെ ഉള്ളടക്കം ജനങ്ങളിലേക്കെത്തിക്കണമെന്ന് കർണാടക ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് നാ​ഗമോഹൻ ദാസ് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ഭരണഘടനയും സാമൂഹ്യനീതിയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരിട്ടുള്ള വായനയിലൂടെ ജനങ്ങൾക്ക് ഭരണഘടനയുടെ ഉള്ളടക്കം മനസ്സിലാകണമെന്നില്ല. കഥകളി, പാട്ട് തുടങ്ങിയ കലാരൂപങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താം.

കർണാടകത്തിൽ കലകളിലൂടെ ഭരണഘടനയുടെ ആമുഖം, ഉള്ളടക്കം എന്നിവ ജനങ്ങളിലേക്കെത്തിക്കുന്ന പ്രവർത്തനത്തിന് തുടക്കമായിട്ടുണ്ട്. ഇത് കേരളത്തിലും പ്രാവർത്തികമാക്കുന്നത് ​ഗുണകരമാണ്. തുല്യതയുള്ള സമൂഹത്തെ സൃഷ്ടിക്കുകയായിരുന്നു സ്വാതന്ത്ര്യസമരത്തിന്റെ യാഥാർഥ ലക്ഷ്യം. പലരും സംവരണത്തെ തള്ളിപ്പറയുന്നത് തെറ്റിദ്ധാരണകൊണ്ടാണ്. ഭരണഘടന വ്യക്തമായി മനസ്സിലാക്കിയിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണയുണ്ടാകില്ലായിരുന്നു. സാമൂഹിക നീതി ഉറപ്പുവരുത്താൻ സംവരണം ശാശ്വതപരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, മേയർ എം അനിൽകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ ​അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അം​ഗം ബിബിൻ വർ​ഗീസ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി അമൽ സോഹൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ അര്‍ജുന്‍ ബാബു എന്നിവർ സംസാരിച്ചു.