ഫിഷറീസ് വകുപ്പിന് കീഴിൽ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ -സാഫിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നവീന ഡിസൈനിലുള്ള വസ്ത്ര ഉൽപ്പന്നങ്ങൾ ഓണവിപണികളിൽ ലഭ്യമാകും. വസ്ത്ര ഉൽപ്പന്നങ്ങൾ സാഫിന്റെ വസ്ത്രശാല കളിലും ഓൺലൈനായും ലഭ്യമാക്കും. മത്സ്യത്തൊഴിലാളി വനിതകളുടെ നേതൃത്വത്തിലുള്ള ചെറുകിട തൊഴിൽ സംരംഭങ്ങളാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. കൊല്ലം ജില്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെയ്‌ലറിംഗ് & ഗാർമെൻറ്‌സ് കാറ്റഗറി ഫെഡറേഷന്റെ കീഴിൽ 489 ടെയ്‌ലറിംഗ് ആന്റ് ഗാർമെന്റ്‌സ് യൂണിറ്റുകളാണ് വിജയകരമായി പ്രവർത്തിച്ചുവരുന്നത്. ഇതുവഴി ടെയ്‌ലറിംഗ് ആന്റ് ഗാർമെന്റ്‌സ് യൂണിറ്റുകളെ ഒരു കുടകീഴിൽ കൊണ്ടുവരുന്നതിനും സുസ്ഥിര നിലനിൽപ്പിനും സാധിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ 39 യൂണിറ്റുകളും കൊല്ലം ജില്ലയിൽ 57 യൂണിറ്റുകളും കോട്ടയം ജില്ലയിൽ 26 യൂണിറ്റുകളും ആലപ്പുഴ ജില്ലയിൽ 43 യൂണിറ്റുകളും എറണാകുളം ജില്ലയിൽ 91 യൂണിറ്റുകളും ത്യശ്ശൂർ ജില്ലയിൽ 85 യൂണിറ്റുകളും മലപ്പുറം ജില്ലയിൽ 50 യൂണിറ്റുകളും കോഴിക്കോട് ജില്ലയിൽ 37 യൂണിറ്റുകളും കണ്ണൂർ ജില്ലയിൽ 29 യൂണിറ്റുകളും കാസർഗോഡ് ജില്ലയിൽ 32 യൂണിറ്റുകളും ഫെഡറേഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. യൂണിറ്റുകൾക്ക് ആവശ്യമായ ഗുണനിലവാരമുള്ള മികച്ച തുണിത്തരങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഫെഡറേഷനിലൂടെ സാധിക്കുന്നു.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് മത്സ്യത്തൊഴിലാളി വനിതകളെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. ഒൻപത് തീരദേശ ജില്ലകളിലും കോട്ടയം ജില്ലയിലുമായി വിജയകരമായി നടപ്പിലാക്കിവന്നിരുന്ന ഈ പദ്ധതിയിൽ കേരളത്തിലുടനീളം 10 ജില്ലകളിലായി 8000 ത്തോളം മത്സ്യത്തൊഴിലാളി വനിതകൾ പങ്കാളികളാണ്. 1594 ചെറുകിട തൊഴിൽ സംരംഭങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അഞ്ച് പേരടങ്ങുന്ന ഒരു യൂണിറ്റിന് 5 ലക്ഷം രൂപ (ഒരംഗത്തിന് ഒരു ലക്ഷം) വരെ ഗ്രാൻ് അനുവദിക്കുന്നു.
പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും 5 ശതമാനം ഗുണഭോക്ത്യവിഹിതവും ആണ്. 2021-22 സാമ്പത്തിക വർഷത്തിൽ 84 കോടി രൂപയുടെ വിറ്റ് വരവ് സാഫ് യൂണിറ്റുകൾക്കുണ്ടായി. ഗാർമെന്റ്‌സ് ഷോറൂമുകൾ എറണാകുളം ജില്ലയിലെ ഞാറയ്ക്കലും കൊല്ലം ജില്ലയിലെ കുണ്ടറയിലുമായാണ് പ്രവർത്തിക്കുന്നത്. ഈ യൂണിറ്റുകളിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങുന്നതിനായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.