13 അവശ്യ സാധനങ്ങൾക്ക് ആറു വർഷമായി വില കൂട്ടിയിട്ടില്ല: മന്ത്രി വീണാ ജോർജ്

0
51

പതിമൂന്നിന അവശ്യസാധനങ്ങൾക്ക് സർക്കാർ കഴിഞ്ഞ ആറു വർഷമായി ഒരു രൂപ പോലും വില കൂട്ടിയിട്ടില്ലെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പു മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട കാവുംപാട്ട് ബിൽഡിംഗ്സിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ ഇടപെടലാണ് സിവിൽ സപ്ലൈസ് വകുപ്പ് നടത്തുന്നത്. വിപണിയിൽ സർക്കാർ നടത്തുന്നത് ജനകീയ ഇടപെടലാണ്. രണ്ടു വർഷത്തിനു ശേഷം സാധാരണ നിലയിൽ നടക്കാൻ പോകുന്ന ഓണക്കാലമാണിത്. ഏറ്റവും മികച്ച രീതിയിൽ ഓണക്കിറ്റ് വിതരണവും ഓണം ഫെയറും നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ജില്ലാ ഓണം ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴു വരെയാണ് ഓണം ഫെയർ നടക്കുക. ഫെയറിൽപൊതുജനങ്ങൾക്കാവശ്യമായ പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, പച്ചക്കറി, ഏത്തയ്ക്കാ, മിൽമ ഉത്പന്നങ്ങൾ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങളും പൊതുവിപണിയേക്കാൾ വിലക്കുറവിൽ കൃത്യമായ അളവിൽ ലഭ്യമാകും. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവര, മുളക്, മല്ലി, ജീരകം, കടുക്, ഗ്രീൻപീസ്, വെള്ളക്കടല, പഞ്ചസാര, പച്ചരി, മട്ട അരി(ഉണ്ട), ജയ അരി, മട്ട അരി(വടി), പിരിയൻ മുളക് വെളിച്ചെണ്ണ എന്നിവ സബ്സിഡി വിലയിൽ ലഭ്യമാകും.

മുളകിന് നോൺ സബ്സിഡി വില 280 രൂപയും സബ്സിഡി വില 75 രൂപയുമാണ്. ചെറുപയർ 74 രൂപ, ഉഴുന്ന് 66 രൂപ, കടല 43 രൂപ, വൻപയർ 45 രൂപ, തുവര 65 രൂപ, മല്ലി 79 രൂപ, പഞ്ചസാര 22 രൂപ, പച്ചരി 23 രൂപ, മട്ട അരി(ഉണ്ട) 24 രൂപ, ജയ അരി 25 രൂപ, വെളിച്ചെണ്ണ 128 രൂപയുമാണ് സബ്സിഡി വില. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ പൊതുജനങ്ങൾക്ക് റേഷൻ കാർഡുമായി വന്ന് സാധനങ്ങൾ സബ്സിഡി നിരക്കിൽ വാങ്ങാം. ഇതിനു പുറമേ 17 ഇനങ്ങൾ ഉൾക്കൊള്ളുന്ന 1000 രൂപയുടെ സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിക്കും.

പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽസി പി ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ ആദ്യ വില്പന നിർവഹിച്ചു. കേരള കോൺഗ്രസ്(ജേക്കബ്) ജില്ലാ പ്രസിഡന്റ് സനോജ് മേമന, ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി ബിജു മുസ്തഫ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ആർ.എസ്.പി. പ്രതിനിധി തോമസ് ജോസഫ്, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, സപ്ലൈകോ പത്തനംതിട്ട ജില്ലാ ഡിപ്പോ മാനേജർ എം.എൻ. വിനോദ് കുമാർ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ പി.ജി. ലേഖ തുടങ്ങിയവർ പങ്കെടുത്തു.