യുക്രെയ്നിലെ റഷ്യൻ പട്ടാളനിയന്ത്രണത്തിലുള്ള സപ്പോറിഷ്യ അണുശക്തിനിലയിൽ തീപിടിത്തത്തെത്തുടർന്ന് വൈദ്യുതി നിലച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കി. ആണവദുരന്തത്തിൽനിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നു യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി പറഞ്ഞു.
തീപിടിത്തം മൂലം നിലയത്തെ യുക്രെയ്നിലെ വൈദ്യുതഗ്രിഡുമായി ബന്ധിപ്പിക്കുന്ന ലൈനുകൾ നശിച്ചതാണു പ്രശ്നത്തിനു കാരണം. നിലയത്തിലെ യുക്രെയ്ൻ ജീവനക്കാർ ബാക്കപ്പിനുള്ള ഡീസൽ ജനറേറ്ററുകൾ യഥാസമയം പ്രവർപ്പിച്ചതാണു വൻ ദുരന്തം ഒഴിവാക്കിയതെന്നു സെലൻസ്കി പറഞ്ഞു.
റഷ്യ നടത്തിയ ഷെല്ലാക്രമണമാണു തീപിടിത്തത്തിനു കാരണമെന്നു സെലൻസ്കി ആരോപിച്ചു. എന്നാൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണമാണു കാരണമെന്നു റഷ്യ പ്രതികരിച്ചു.മാർച്ചിൽ റഷ്യൻ നിയന്ത്രണത്തിലായ നിലയത്തിലെ ആറു റിയാക്ടറുകളിൽ രണ്ടെണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുള്ളൂ. ഇവയെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ലൈനുകളാണു നശിച്ചത്. തകരാർ പരിഹരിക്കാനുള്ള ശ്രമം ഊർജിതമായി നടക്കുന്നു.
നിലയത്തിനു സമീപം ഏറ്റുമുട്ടൽ നടക്കുന്നത് മറ്റൊരു ചെർണോബിൽ ദുരന്തത്തിനു വഴിവയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഈ സംഭവം ഉണ്ടായത്. അന്താരാഷ്ട്ര അണുശക്തി ഏജൻസി സംഘം ഉടൻതന്നെ നിലയം പരിശോധിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് അനുവദിക്കാമെന്നു റഷ്യ നേരത്തേ അറിയിച്ചിട്ടുണ്ട്. പരിശോധന വൈകിക്കാനുള്ള ശ്രമം റഷ്യ നടത്തുന്നതായി യുക്രെയ്ൻ ആരോപിക്കുന്നു.