ഉറിയിൽ സൈന്യം വധിച്ച പാക് സൈനികരിൽ നിന്ന് ചൈനീസ് തോക്കുകൾ കണ്ടെത്തി

0
93

ജമ്മു കശ്മീരിൽ ഉറിയിൽ സൈനികർ ഏറ്റുമുട്ടലിൽ വധിച്ച പാക് സൈനികരിൽ നിന്ന് കണ്ടെത്തിയത് ചൈനീസ് നിർമിത തോക്കുകളെന്ന് സൈന്യം. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈനികർ കൊലപ്പെടുത്തിയത്. പാക് സൈനികരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെത്തിയത് ​ഗൗരവമായ കാര്യമാണെന്നും അപ്രതീക്ഷിതമാണെന്നും സൈന്യം അറിയിച്ചു. എകെ സീരിസിൽപ്പെട്ട രണ്ട് തോക്കുകൾ, ചൈനീസ് എം–16 തോക്ക്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പാക് ഭീകരരിൽ നിന്ന് കണ്ടെടുത്തത്.

ചൈനീസ് നിർമിത എം–16 എന്ന 9 എംഎം കാലിബർ തോക്കാണ് ഭീകരരിൽ നിന്ന് ലഭിച്ച ആയുധങ്ങളിലുണ്ടായിരുന്നത്. സാധാരണ ഭീകരർ ഉപയോ​ഗിക്കുന്നത് എകെ സീരിസിലുള്ള ആയുധങ്ങളാണ്. യുഎസ് നിർമിത എം–4 റൈഫിളുകളും കണ്ടെത്താറുണ്ട്. എന്നാൽ ചൈനീസ് നിർമിത ആയുധങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. പാക് നിർമിത ബാഗും 4 സിഗററ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്സും ഉൾപ്പെടെയുള്ളവയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് സൈന്യം കണ്ടെടുത്തതെന്ന് 19 ഇൻഫൻട്രി ഡിവിഷൻ, ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) മേജർ ജനറൽ അജയ് ചന്ദ്പുരി വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഭീകരരെ വധിച്ചതിന് പിന്നാലെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വിലയിരുത്തി. ദില്ലിയിൽ സുരക്ഷാ വിലയിരുത്തൽ യോഗം ചേർന്നു. ലഫ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശിച്ചു. തീവ്രവാദം തുടച്ചു നീക്കാൻ പൊലീസും സേനയും യോജിച്ചു നീങ്ങണം എന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.