മുഴുവൻ ബാങ്ക് അക്കൗണ്ടുകളെയും ഏകീകൃത പെയ്‌മെന്റ് ഇന്റർഫേസ് സേവനം ഉൾപ്പടെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പ്രാപ്തമാക്കി സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിച്ചു. ആലപ്പുഴ റോയൽ പാർക്കിൽ നടന്ന പ്രഖ്യാപന ചടങ്ങ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള- ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ മുഖ്യാതിഥിയായിരുന്നു.
ഡെബിറ്റ് – ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ, ആധാർ അധിഷ്ടിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലുമൊരു ഡിജിറ്റൽ പണമിടപാട് സംവിധാനമെങ്കിലും ഉപയോഗിക്കാൻ ഇടപാടുകാരെ പ്രാപ്തരാക്കുകയാണ് ഡിജിറ്റൽ ബാങ്കിംഗിന്റെ ലക്ഷ്യം. ജില്ലയിലെ ബാങ്കിംഗ് മേഖല സമ്പൂർണ്ണ ഡിജിറ്റലാകുന്നതോടെ കേരള ബാങ്ക് ഉൾപ്പെടെയുള്ള 29 ബാങ്കുകളിലെ 26 ലക്ഷം സേവിംഗ്‌സ്, കറണ്ട് അക്കൗണ്ടുകൾക്ക് ഡിജിറ്റൽ സേവന സൗകര്യം ലഭിക്കും.
ചടങ്ങിൽ എസ്.എൽ.ബി.സി. കേരള കൺവീനർ ശ്രീകുമാർ, നബാർഡ് ജില്ലാ വികസന മാനേജർ ടി.കെ പ്രേംകുമാർ, റിസർവ് ബാങ്ക് ഡി.ജി.എം. ഗൗതമൻ, എസ്.ബി.ഐ. ഡെപ്യൂട്ടി ജനറൽ മാനേജർ ബംഗാനിധി മാർത്ത, എ.കെ. കാർത്തിക്, എസ്.ബി.ഐ. റീജിയണൽ മാനേജർ ജൂഡ് ജെറാൾഡ്, ലീഡ് ബാങ്ക് ജില്ലാ മാനേജർ എം. അരുൺ തുടങ്ങിയവർ സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഫിനാൻഷ്യൽ കൗൺസിലർമാരെ ചടങ്ങിൽ ആദരിച്ചു.